കേളകം: കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊക്കോ വില സർവകാല റെക്കോഡിൽ. കഴിഞ്ഞ വർഷം 200 രൂപയായിരുന്ന കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് വില 700ന് മുകളിലാണിപ്പോൾ. പച്ച കൊക്കോയിക്ക് നിലവിൽ 225 രൂപയാണ് വില. എഴുപതുകളിൽ കേരളത്തിന്റെ മലയോരമേഖലയിൽ കൊക്കോ വിപ്ലവം തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് വില കുത്തനെയിടിഞ്ഞതും ഏറ്റെടുക്കാൻ പോലും ആളില്ലാത്തതുമായ സാഹചര്യം വന്നു. തുടർന്ന് ഒട്ടേറെ കർഷകർ കൊക്കോ തൈകൾ വെട്ടിമാറ്റി. കഴിഞ്ഞ വർഷം ഇതേ സീസനിൻ കൊക്കോ ഉണങ്ങിയ കായക്ക് 200 രൂപയും പച്ചകായക്ക് 60 രൂപയുമായിരുന്നു വില.
എന്നാലിപ്പോൾ മറ്റേത് വിളക്കും കിട്ടുന്നതിനേക്കാൾ മുന്തിയ വില കൊക്കോക്ക് ലഭിക്കുന്നെങ്കിലും സാധനം കിട്ടാനില്ല. കിഴക്കൻ മലയോര മേഖലകളിലാണ് കാര്യമായി കൃഷി നടന്നിരുന്നത്. ചെലവു കാശ് പോലും കിട്ടാത്തതിനാൽ കർഷകർ കൊക്കോയെ അവഗണിച്ചതാണ് തിരിച്ചടിയായത്.
കാര്യമായ ചെലവുകളോ പ്രത്യേക പരിചരണമോ ആവശ്യമില്ലാത്ത കൊക്കോ നാട്ടിൻപുറങ്ങളിലും മലയോരത്തും ഇടവിളയായാണ് കേരളത്തിൽ കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഒരു കാലത്ത് കൊക്കോ കൃഷി വ്യാപകമായിരുന്നു. എന്നാല്‍, ഇറക്കുമതി വര്‍ധിച്ചതോടെ വിലയിടിഞ്ഞതും കൊക്കോ ചെടിയെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായതോടെയാണ് പലരും കൊക്കോ കൃഷി ഉപേക്ഷിച്ചത്. 2023 ഡിസംബറില്‍ കൊക്കോ വില 300 രൂപക്ക് മുകളില്‍ വന്നിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും കുരങ്ങ്, മരപ്പട്ടി എന്നിവയുടെ ശല്യം മൂലം വിളവ് കാര്യമായി ലഭിച്ചിരുന്നില്ല. ആറളം കാർഷിക ഫാമിലും കൊക്കോ കൃഷി വ്യാപകമായുണ്ട്. നിലവിൽ കൊക്കോയുടെ വിളവ് കാര്യമായി ലഭിക്കുന്ന സീസൺ അല്ല. മെയ് ആദ്യവാരമാണ് വിളവ് കൂടുതൽ ലഭിക്കുക. അപ്പോഴേക്കും വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ തോതിൽ കൃഷി നാശം സംഭവിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനും വില വർധനവിനും കാരണമായി പറയപ്പെടുന്നത്. ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിൽ നിന്നാണ് ലോകത്തിന്റെ മൊത്തം ആവശ്യത്തിന്റെ പകുതിയും എത്തുന്നത്. അവിടങ്ങളിലുണ്ടായ വിളനാശവും ഉൽപാദനക്കുറവുമാണ് ഡിമാൻഡ് കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.