ദേശീയപാത വികസനം അഴിയൂർ റീച്ചിൽ ദുരിതങ്ങളുടെ പെരുമഴക്കാലമാണ്. ദേശീയപാതയുടെ അഴിയൂർ മുതൽ വെങ്ങളംവരെ നീളുന്നതാണ് അഴിയൂർ റീച്ച്. നിർമാണ ഘട്ടത്തിൽ ആരംഭിച്ച പരാതികളുടെയും ദുരിതങ്ങളുടെയും വേലിയേറ്റം നിലക്കാതെ തുടരുകയാണ്.
ദേശീയപാത 66ൽ അഴിയൂർ-വെങ്ങളം റീച്ചിൽ 40.8 കിലോമീറ്റർ ദൂരത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 2021 മാർച്ചിൽ ഒപ്പിട്ട കരാർപ്രകാരം 1838 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. രണ്ടര വർഷമായിരുന്നു നിർമാണ കാലാവധി. എന്നാൽ, പ്രവൃത്തി അനന്തമായി നീളുകയാണ്.
അഴിയൂർ-വെങ്ങളം റീച്ച് പ്രവൃത്തി അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് കരാറെടുത്തതെങ്കിലും ഇവർ വാഗഡ് കമ്പനിക്ക് ഉപകരാർ നൽകി. അദാനിയുടെ മേൽനോട്ടത്തിൽ വാഗഡ് പ്രവൃത്തി നടത്തുന്നതിനിടെ വടകര മേഖലയിലെ ഓവുചാലുകളുടെ നിർമാണം ഹൈദരാബാദിലെ മറ്റൊരു നിർമാണ കമ്പനിക്ക് ഉപകരാർ നൽകി. എന്നാൽ, ഇവർ പ്രവൃത്തി പാതിവഴിക്ക് നിർത്തി മടങ്ങി.
ഇതോടെ വടകര മേഖലയിൽ പലയിടത്തും ഓവുചാലുകളുടെ നിർമാണം തടസ്സപ്പെടുകയും സ്ലാബുകൾ പൊട്ടിപ്പൊളിയുന്ന അവസ്ഥയിലുമായി. ഡ്രെയിനേജ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ അടങ്ങിയതാണ് സർവിസ് റോഡ്. സർവിസ് റോഡ് പൂർണമായും തുറക്കുന്നതോടെ യാത്ര പലയിടത്തും തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഉപകരാറുകൾ സ്വാഭാവികമാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ആരുടെ ചുമതലയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു പ്രവൃത്തിയിലെ ഒന്നിലേറെ ഉപകരാറുകൾ നിർമാണ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അഴിയൂർ-വെങ്ങളം റീച്ചിലെ പാലോളിപ്പാലം മുതൽ മൂരാടുവരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ഇവിടെ ഓവുചാൽ സ്ലാബുകൾ 25 സെന്റിമീറ്റർ കനത്തിൽ നിർമിച്ചപ്പോൾ വടകരയിലും മറ്റും ഇത് 15 സെന്റിമീറ്ററായാണ് നിർമിച്ചത്. വടകര മേഖലയിൽതന്നെ ഓവുചാലുകൾ രണ്ടുതരത്തിലാണെന്നും ആക്ഷേപമുണ്ട്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെങ്ങളം-അഴിയൂർ റീച്ചിൽ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയാറാവുന്നില്ല. ഡി.പി.ആർ ലഭിക്കാത്തതിനാൽ നിർമാണം സംബന്ധിച്ച വിവരങ്ങൾ അറിയാത്തതിനാൽ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ദേശീയപാത നിർമാണം പകുതിയിലധികം പിന്നിട്ടിട്ടും അധികൃതർ ഡി.പി.ആർ നൽകുന്നില്ലെന്ന ആരോപണം ശക്തമാണ്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുമ്പോൾ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഡി.പി.ആർ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്താറുണ്ട്. എന്നാൽ, അധികൃതർ മൗനം പാലിക്കുന്നു.
ഡി.പി.ആർ ലഭ്യമല്ലാത്തതിനാൽ നിർമാണം പാതിവഴിയിലെത്തുമ്പോഴാണ് യാത്രാപ്രശ്നത്തിന്റെ രൂക്ഷത ജനങ്ങൾ മനസ്സിലാക്കുന്നത്. നാദാപുരം റോഡിലും മുക്കാളിയിലും ജനങ്ങൾ സമരമുഖത്താണ്. വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഓവുചാലിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നുവിടുന്നതിനുമെതിരെയാണ് സമരം.
മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതയോരത്ത് സമരം ശക്തമാണ്. ജനങ്ങളുയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്കുമുന്നിൽ ദേശീയപാത അതോറിറ്റി പുറംതിരിഞ്ഞ് നിൽക്കുന്ന കാഴ്ചയാണുള്ളത്.
സർവിസ് റോഡുകളിൽനിന്നും ദേശീയ പാതയിലേക്ക് കയറാൻ ടൗണുകളിൽ നിന്നും ദീർഘദൂരം പോകേണ്ട അവസ്ഥയുണ്ട്. ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ ഡി.പി.ആർ ഉൾപ്പെടെ ലഭ്യമാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് അധികൃതർ മുന്നോട്ടുപോകണമെന്ന ആവശ്യമാണ് ഉയരുന്നത്.
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ദേശീയപാതയിലെ വെള്ളക്കെട്ട് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കെ.ടി ബസാർ, കരിമ്പനപ്പാലം, മുക്കാളി തുടക്കിയ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു തുടങ്ങി. കാലവർഷം ശക്തമാവുന്നതോടെ സ്ഥിതിഗതികൾ രൂക്ഷമാവും.
വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കുറ്റമറ്റ രീതിയിൽ പണി പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന മാഹി ബൈപാസിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരുന്നു. ഇതിന് ചേർന്നുള്ള അഴിയൂർ റീച്ചിൽ കൂടുതൽ മുൻകരുതലുകളോടെ പാത നിർമാണം പൂർത്തീകരിക്കണമെന്നാണ് ആവശ്യം.
പാത നിർമാണത്തിനിടെ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തിയേ മതിയാവു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദിവസവും നിരവധി ആംബുലൻസുകളാണ് രോഗികളുമായി കുതിക്കുന്നത്.
ഗതാഗത നിയന്ത്രണത്തിന് ഒന്നോ രണ്ടോ പേരെയാണ് വടകരയിൽ തിരക്കുള്ള കേന്ദ്രങ്ങളിൽ നിയോഗിക്കുന്നത്. ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ പേരെ നിയോഗിച്ച് കുറ്റമറ്റ രീതിയിൽ വാഹനങ്ങൾക്ക് കടന്നുപോവാൻ സംവിധാനം ഒരുക്കണം.
വടകര നഗരത്തോടുചേർന്ന് ഉയരപ്പാത നിർമാണം പുരോഗമിക്കുകയാണ്. റോഡ് രണ്ടായി വിഭജിച്ചാണ് വാഹനം കടത്തിവിടുന്നത്. വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഇതിലൂടെ ഉണ്ടാവുന്നത്. പാത രണ്ടായി വിഭജിച്ചതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കടകളിൽ ആളുകൾക്ക് വരാനോ വാഹനം പാർക്ക് ചെയ്യാനോ കഴിയുന്നില്ല.
പൊളിച്ചുമാറ്റിയ കടകൾക്കുപകരം വലിയ വാടക നൽകിയാണ് വ്യാപാരികൾ വീണ്ടും കച്ചവടത്തിനിറങ്ങിയത്. കടകളിൽ ആളുകൾ കയറാതായതോടെ വാടക പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഉയരപ്പാത യാഥാർഥ്യമാവാൻ കാലങ്ങളെടുക്കും. ശരിയായ ഗതാഗത സംവിധാനമൊരുക്കി നിർമാണം മുന്നോട്ടുകൊണ്ടുപോവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ദേശീയപാതയിൽ സർവിസ് റോഡ് പ്രവൃത്തി പൂർത്തിയാവാതെ പ്രധാന പാത ഗതാഗതത്തിന് തുറന്നത് അപകടക്കുരുക്കാവുന്നു. പുതുപ്പണം ദേശീയ പാതയിലേക്ക് അരവിന്ദ് ഘോഷ് റോഡ്, പാലയാട് നട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കും വടകര ഭാഗത്തേക്കുള്ള മെയിൻ റോഡിൽ പ്രവേശിക്കാൻ അരവിന്ദ് ഘോഷ് റോഡിനുസമീപം മാത്രമാണ് നിലവിൽ സൗകര്യമുള്ളത്. ഇതുവഴി ശ്രദ്ധിക്കാതെ പ്രധാന പാതയിലേക്ക് വാഹനം പ്രവേശിച്ചാൽ അപകടത്തിൽപെടുമെന്ന് ഉറപ്പാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.