റോബിൻ ബസ് ഞായറാഴ്ചയും ഓടി; മത്സരിക്കാൻ കെ.എസ്.ആർ.ടി.സിയും

പത്തനംതിട്ട: അന്തർ സംസ്ഥാന പെർമിറ്റുമായി സർവിസ് നടത്തുന്ന റോബിൻ ബസിനെ പൂട്ടാൻ പത്തനംതിട്ട-കോയമ്പത്തൂർ സർവിസിന് തുടക്കം കുറിച്ച് കെ.എസ്.ആർ.ടി.സിയും. ശനിയാഴ്ചത്തെ വിവാദ സർവിസിനിടെ ഇരു സംസ്ഥാനങ്ങളിൽനിന്നും 1.07 ലക്ഷം രൂപ പിഴ ഏറ്റുവാങ്ങി കോയമ്പത്തൂരിൽനിന്ന് തിരിച്ചെത്തിയ റോബിൻ ബസ് ഞായറാഴ്ച പുലർച്ച അഞ്ചിന് പത്തനംതിട്ടയിൽനിന്ന് വീണ്ടും യാത്രക്കാരുമായി കോയമ്പത്തൂരിന് പുറപ്പെട്ടു.

ഇതിന് അരമണിക്കൂർ മുമ്പ് കെ.എസ്.ആർ.ടി.സി വോൾവോ എ.സി ബസ് പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിന് സർവിസ് തുടങ്ങിയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ബസ് പുറപ്പെടുമ്പോൾ പൂർണമായും കാലിയായിരുന്നു. റോബിന്‍റെ റൂട്ടായ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയത്. വൈകീട്ട് അഞ്ചിന് കോയമ്പത്തൂരിൽനിന്ന് തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ തിരിച്ചെത്തുന്ന റോബിന് അരമണിക്കൂർ മുമ്പാണ് കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂൾ.

വീണ്ടും പിഴയിട്ട് കേരളം; തമിഴ്നാട്ടിൽ കസ്റ്റഡിയിൽ

ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ റോബിനെതിരായ നടപടികൾ മോട്ടോർ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ഉടമ ബേബി ഗിരീഷ് പറഞ്ഞു. എന്നാൽ, പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധനയിൽ പിഴ ചുമത്തി. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

അതേസമയം, പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ലംഘനം എന്താണെന്ന് ആർ.ടി.ഒ വ്യക്തമാക്കുന്നില്ലെന്ന് ബസുടമ പ്രതികരിച്ചു.

ബസ് വിട്ടുകിട്ടാത്തതിനാൽ ഞായറാഴ്ച വൈകീട്ടത്തെ കോയമ്പത്തൂർ-പത്തനംതിട്ട സർവിസും തിങ്കളാഴ്ചയിലെ പത്തനംതിട്ട-കോയമ്പത്തൂർ സർവിസും മുടങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

Tags:    
News Summary - The Robin Bus also ran on Sunday; And KSRTC to compete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.