കായംകുളം: കാൽനൂറ്റാണ്ടായി ഒരേ വേഷം ധരിച്ച് ഒരു വാഹനത്തിൽതന്നെ യാത്ര ചെയ്ത് ഒരേ കടയിൽ ജോലി ചെയ്യുന്ന ഉദയകുമാറും രവീന്ദ്രൻ പിള്ളയും സൗഹൃദത്തിെൻറ മാതൃകയാകുന്നു. ഇൗടുറ്റ സൗഹൃദം തുന്നിച്ചേർത്ത ഇരുവരുടെയും കൂട്ടിന് നാല് പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. നാട്ടുകാരുെട 'പാച്ചുവും കോവാലനു'മാണ് ഇരുവരും. ചേരാവള്ളിക്കാരനായ ഉദയകുമാറും പുള്ളിക്കണക്കുകാരനായ രവീന്ദ്രൻപിള്ളയുമാണ് ഒരേ തൊഴിൽ, വേഷം, ചിന്ത തുടങ്ങി ഇഷ്ട ശീലങ്ങൾ പരസ്പരം സ്വീകരിച്ച് കൗതുകമാകുന്നത്.
1982ൽ കായംകുളത്ത് തയ്യൽ പരിശീലന കേന്ദ്രത്തിൽനിന്നാണ് പരിചയം തുടങ്ങുന്നത്. കാൽനൂറ്റാണ്ട് മുമ്പുള്ള ഒരു ദിവസം ഒരേ വേഷം ധരിക്കാൻ തീരുമാനിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട് ഇന്നുവരെ എല്ലാ ദിവസവും ഒരേ വേഷത്തിലല്ലാതെ ഇവരെയാരും കണ്ടിട്ടില്ല.
അടുത്ത ദിവസത്തെ വസ്ത്രം ഏതെന്ന് തീരുമാനിച്ചാണ് ഓരോ വൈകുന്നേരവും ജോലി കഴിഞ്ഞുള്ള മടക്കം. ഒരേ നിറമുള്ള വേഷം ധരിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ഇവർ വേഗത്തിൽ നാട്ടുകാരുടെ 'പാച്ചുവും കോവാലനു'മായി മാറുകയായിരുന്നു. ഇരട്ടപ്പേര് സന്തോഷത്തോടെ സ്വീകരിച്ച ഇവർ സ്ഥാപനത്തിന് പി.കെ ടെയ്ലേഴ്സ് എന്ന് നാമകരണം ചെയ്തപ്പോൾ നാട്ടുകാരാണ് ഇളിഭ്യരായത്.
2001ൽ ഉദയകുമാർ പുള്ളിക്കണക്കിലെ രവീന്ദ്രൻപിള്ളയുടെ ഗീതാഭവനത്തോട് ചേർന്ന് സ്ഥലം വാങ്ങി വീട് വെച്ചു. വീടിന് പി.കെ ഹൗസ് എന്ന് പേരുമിട്ടു. തുടർന്ന് തയ്യൽക്കാരികളായ മീനാകുമാരിയെ രവീന്ദ്രൻപിള്ളയും സുനിതകുമാരിയെ ഉദയകുമാറും മിന്നുകെട്ടി. ഇരുവരും മതിലുകളില്ലാത്ത വീടുകളോട് ചേർന്ന് തയ്യൽക്കട തുടങ്ങി സൗഹാർദത്തിന് ആഴം കൂട്ടി. ഉദയകുമാറിെൻറ മകൾ ബിരുദ വിദ്യാർഥിയായ ശ്രീലച്ചുവും രവീന്ദ്രൻപിള്ളയുടെ മകൻ പ്ലസ് ടു വിദ്യാർഥിയായ ശ്രീപ്രിജലും മാതാപിതാക്കളുടെ ബന്ധം വിളക്കിച്ചേർക്കുന്ന കണ്ണികളായി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.