ശിവഗിരി: വൈക്കം ക്ഷേത്രത്തില്‍ ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും വിളക്കെടുക്കാമെന്ന തീരുമാനം സ്വാഗതം ചെയ്ത് ശിവഗിരിമഠം. ക്ഷേത്രത്തില്‍ സമുദായം തിരിച്ചു വിളക്കെടുക്കുന്ന ചടങ്ങിനെ അതിവര്‍ത്തിച്ചു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിളക്കെടുപ്പില്‍ പങ്കാളികളാകാം എന്ന് തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡിനേയും മന്ത്രി വി.എന്‍. വാസവനെയും അഭിനന്ദിക്കുന്നതായി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അറിയിച്ചു.
കാലഹരണപ്പെട്ടുപോയ ദുരാചാരങ്ങളെ മുറുകെ പിടിക്കുകയല്ല പരിഷ്‌കൃത ജനതക്ക് ചേരുന്ന വിധം ജാതി വ്യത്യാസത്തിന് അധീതമായി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യം എന്നതായിരുന്നു ഗുരുദേവദര്‍ശനത്തിന്റെ അടിസ്ഥാനതത്വം. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുവാന്‍ സന്‍മനസ് കാട്ടിയ വൈക്കം ക്ഷേത്രത്തിലെ തന്ത്രി പ്രമുഖരെയും ശിവഗിരി മഠം അഭിനന്ദിച്ചു.
വൈക്കം ക്ഷേത്രത്തില്‍ ജാതി തിരിച്ചുള്ള താലപ്പൊലി സമ്പ്രദായം നിലനില്‍ക്കുന്നതായി അറിയുന്നു. നായര്‍ താലപ്പൊലി, ഈഴവ താലപ്പൊലി, വിശ്വകര്‍മ്മ താലപ്പൊലി, പുലയതാലപ്പൊലി, ധീവരതാലപ്പൊലികള്‍. കുറെ വര്‍ഷങ്ങളായി സമുദായം തിരിച്ചു നടന്നുവരുന്നത് ക്ഷേത്രസംസ്‌കാരത്തിന് മാത്രമല്ല ആധുനിക കേരളത്തിനു തന്നെ അപമാനമാണ്.
വൈക്കത്തെ എസ്.എന്‍.ഡി.പി. പ്രസ്ഥാനവും ഇതില്‍ പങ്കാളികളാകുന്നത് തികച്ചും ഖേദകരവും അപമാനകരവുമാണ്. ഈ ജാതി താലപ്പൊലികള്‍ ഇല്ലാതാക്കാനും ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.