തിരുവനന്തപുരം : ലോക്കോ റണ്ണിങ് ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിച്ച് സമരം ഒത്തു തീർക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു. റയിൽവെ ആക്ടും നിയമങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം പ്രതിദിന വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് എന്ന സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും കർണാടക ഹൈക്കോടതിയുടെയും വിധികൾ നടപ്പിലാക്കില്ല എന്ന നിലപാടിനെതിരെ ജൂൺ ഒന്ന് മുതൽ ലോക്കോ റണ്ണിങ് ജീവനക്കാർ സമരത്തിലാണ്.
നിയമാനുസൃതമായി ലഭിക്കേണ്ട വിശ്രമം ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത അവസരത്തിൽ പോലും അനുവദിക്കുകയില്ലെന്ന പിടിവാശിയിലാണ് അധികാരികൾ. ഇതുവരെയും ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത സാഹചര്യത്തിലും അനാവശ്യമായി ശിക്ഷാനടപടികൾക്ക് വിധേയരാക്കി ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. അനവധി പേരെ സ്ഥലംമാറ്റുകയും ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്‌ത് വിശ്രമം അനുവദിക്കാതിരിക്കാനുള്ള ന്യായീകരണം കൃത്രിമമായി സൃഷ്ടിക്കുന്നതും കടുത്ത നിയമനിഷേധവും ജനദ്രോഹവും ആണ്.
നിയമപരമായ വിശ്രമം അനുവദിച്ച് റെയിൽവെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും റെയിൽവെ മേലുദ്യോഗസ്ഥരുടെ നിയമ വിരുദ്ധവും ധിക്കാരപരവുമായ പ്രതികാര നടപടികൾ പിൻവലിക്കുന്നതിന് റെയിൽവെ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.