ആലുവ: മകന്റെ ഒന്നാം പിറന്നാളിന് മുറിക്കാൻ വാങ്ങിയ കേക്ക് ഇത്തരമൊരു തലവേദനയാകുമെന്ന് ആ മാതാപിതാക്കൾ കരുതിയിരിക്കില്ല. കേക്കിൽ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹ പദാർഥം കേക്കിനൊപ്പം അബദ്ധത്തിൽ കുട്ടി വിഴുങ്ങുകയായിരുന്നു. മകന് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്റെ മാതൃകയിലൊരുക്കിയ കേക്കാണ് ജന്മദിനത്തിൽ വില്ലനായത്. കുട്ടിയുടെ വായിൽ കേക്കിനൊപ്പം ലോഹപദാർഥം കണ്ട് മാതാവ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും, കുട്ടി അത് വിഴുങ്ങി. മാതാവ് പ്രഥമിക ശുശ്രൂഷ നൽകിയെങ്കിലും ലോഹ പദാർഥം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ ആമാശയിൽ ലോഹപദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നാലെ വിദഗ്ധ പരിശോധനകൾക്കായി ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി. ഇതിനകം ലോഹപദാർഥം ആമാശയം കടന്ന് ചെറുകുടലിൽ എത്തിയിരുന്നു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഡ്യൂഡെനോസ്കോപ്പി വഴി പദാർഥം നീക്കം ചെയ്യാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക എൻഡോസ്കോപ് ഉപയോഗിച്ച് ഡോക്ടർമാർ ചെറുകുടലിൽ നിന്ന് ലോഹപദാർഥം സുരക്ഷിതമായി നീക്കം ചെയ്തു.
ഉദരരോഗ വിദഗ്ധനായ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ മേൽനോട്ടത്തിൽ നടന്ന ചികിത്സയിൽ ഡോ. നിബിൻ നഹാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സാനു സാജൻ, ഡോ. രാധിക നായർ എന്നിവർ പങ്കാളികളായി. ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.