പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍

മലപ്പുറം: യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് കമീഷന്റെ വിധി.

പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്​പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്​പോര്‍ട്ടും പഴയ പാസ്​പോര്‍ട്ടുമായാണ് വിമാനത്താവളത്തിലെത്തിയത്. എന്നാൽ, വിസയിലും പാസ്​പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാനകമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.

റദ്ദാക്കിയത് പഴയ പാസ്​പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്​പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും രേഖകള്‍ ശരിയല്ലെങ്കില്‍ യാത്രക്ക് അനുമതി നല്‍കരുതെന്നാണ് അവർ അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്.

എന്നാല്‍, പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗള്‍ഫ് എയര്‍ കമ്പനി യാത്ര തടഞ്ഞതെന്നും അത് സേവനത്തിലെ വീഴ്ചയാണെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ വിധിച്ചു. വിസ നല്‍കിയിട്ടുള്ളത് പാസ്​പോര്‍ട്ടിനല്ല പാസ്​പോര്‍ട്ട് ഉടമക്കാണെന്നും രണ്ട് പാസ്​പോര്‍ട്ടും ഒരാളുടേത് തന്നെയാണെന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി.

യാത്രാതീയതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടെന്നും ദീര്‍ഘകാലം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നതിനാല്‍ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധിപകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം തുക നല്‍കുന്നതുവരേയും ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.

Tags:    
News Summary - The travel of the expatriate was stopped; Consumer Commission to pay compensation of 5 lakhs to Gulf Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.