തുള്ളിച്ചാടി ബസിൽ കയറുന്ന മിൻസ; കാഴ്ചക്കാരുടെ കണ്ണു നനച്ച് അവസാന വിഡിയോ

പിറന്നാൾ ദിനത്തിൽ ഖത്തറിൽ മരിച്ച മലയാളി വിദ്യാർഥിനി മിൻസ മറിയത്തെ പിതാവ് അവസാനമായി സ്കൂൾ ബസിൽ കയറ്റുന്ന വിഡിയോ കാഴ്ചക്കാരുടെ മുഴുവൻ നോവായി മാറുന്നു. പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിൻസയെ സ്കൂൾ ബസിൽ കയറ്റുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ ബസിൽ നിന്ന് ആ പിഞ്ചുമകൾ പിന്നീടൊരിക്കലും പുറത്തിറങ്ങിയില്ല എന്നോർക്കുമ്പോൾ കണ്ണീരോടെ മാത്രമേ ആർക്കും ആ വിഡിയോ കാണാനാകൂ.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിൻസയെ വിഡിയോയിൽ കാണാം.

മിൻസ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടനിൽ കെ.ജി ഒന്നിലാണ്. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View


സംഭവത്തിന് ശേഷം ഖത്തർ അധികൃതർ സ്കൂൾ അടച്ചുപൂട്ടിയിട്ടുണ്ട്. 10 വർഷം മുമ്പ് മറ്റൊരു ഇന്ത്യൻസ്കൂളിലും സമാനമായ ദുരന്തത്തിൽ മലയാളി വിദ്യാർഥി മരിച്ചിരുന്നു.


Tags:    
News Summary - The video of the last moments of minsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.