വെളളമുണ്ട: വിദ്യാലയം തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ക്ലാസിലെത്താതെ ആദിവാസി വിദ്യാർഥികൾ. ഇവരെ സ്കൂളിലെത്തിക്കുന്നതിനായി തുടങ്ങിയ വിദ്യാവാഹിനി പദ്ധതി തുടങ്ങാത്തതാണ് പഠനം മുടങ്ങാൻ ഇടയാക്കിയത്. മാനന്തവാടി നഗരസഭയിലും തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലും പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല.
വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ വിളിച്ച് ട്രൈബൽ വകുപ്പ് ഏറ്റെടുത്തെങ്കിലും പദ്ധതിയിലെ ആശങ്ക കാരണം പല വിദ്യാലയങ്ങളിലും പദ്ധതി തുടങ്ങിയില്ല. സർക്കാർ മാനദണ്ഡപ്രകാരം കിലോമീറ്ററിന് 20 രൂപയാണ് വാഹനങ്ങൾക്ക് ലഭിക്കുക.
സർക്കാർ നിശ്ചയിച്ച നിരക്കിൽ ഓടാൻ കഴിയില്ലെന്ന് രേഖാമൂലം കഴിഞ്ഞ വർഷം ഡ്രൈവർമാർ അറിയിക്കുകയും പ്രശ്നം താത്കാലികമായി പരിഹരിച്ച് ഓടുകയുമായിരുന്നു. എന്നാൽ, വിദ്യാലയങ്ങൾ തമ്മിലെ കിടമത്സരത്തിൽ ഒരു വിദ്യാലയത്തിന്റെ തൊട്ടുമുന്നിൽ നിന്നും വിദ്യാർഥികളെ മറ്റു വിദ്യാലയങ്ങൾ ചേർക്കാൻ തുടങ്ങിയതാണ് പദ്ധതി അവതാളത്തിലാവാൻ മുഖ്യ കാരണം.
കഴിഞ്ഞ വർഷം ഓടിയ വാഹനങ്ങൾക്ക് പണം നൽകാത്തതും പദ്ധതി നിലക്കാൻ കാരണമായി. ജൂൺ മൂന്നുമുതൽ തന്നെ വിദ്യാവാഹിനി ഓട്ടം തുടങ്ങാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പദ്ധതിയിലെ അവ്യക്തത കാരണം നടപ്പിലായില്ല.
പൊതു വിഭാഗത്തിലെ കുട്ടികൾ കൃത്യമായി സ്കൂളിൽ എത്തുന്നുണ്ടെങ്കിലും വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ ക്ലാസിലെത്തുന്നില്ല. മുമ്പ് കൃത്യമായി നടന്ന ഗോത്ര സാരഥി പദ്ധതി കഴിഞ്ഞ വർഷം മുതലാണ് വിദ്യാവാഹിനി എന്ന പേര് നൽകി പരിഷ്കരിച്ച് ട്രൈബൽ വകുപ്പിനെ ഏൽപ്പിച്ചത്. കഴിഞ്ഞവർഷം വരെ വിദ്യാലയങ്ങളിൽ നിന്ന് ക്വട്ടേഷൻ വിളിക്കുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ ലഭിക്കുന്ന വാഹനങ്ങൾക്ക് പദ്ധതി നൽകുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാൽ പുതിയ പദ്ധതി പ്രകാരം സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കില്ല. സ്കൂളിലെത്താത്ത കുട്ടികളെ തേടി അധ്യാപകർ രക്ഷിതാക്കളെ ബന്ധപെട്ടപ്പോൾ വാഹന സൗകര്യമില്ലാത്തതിനാൽ കുട്ടികൾ വരാൻ തയാറാകുന്നില്ല എന്ന മറുപടിയാണ് ലഭിച്ചതത്രേ.
കുട്ടികൾ സ്കൂളിലെത്തായതോടെ രക്ഷിതാക്കളം അധ്യാപകരും ആശങ്കയിലാണ്. വൈകിയെത്തുന്ന പദ്ധതി കാരണം ആദ്യമാസങ്ങളിലെ അടിസ്ഥാന പഠനം ആദിവാസി വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. പദ്ധതി നടത്തിപ്പിലെ പരാതികൾക്കും അവ്യക്തതകൾക്കും പരിഹാരമുണ്ടാക്കാത്തതും തിരിച്ചടിക്ക് കാരണമാകുന്നു. സർക്കാരും വാഹന ഉടമകളും പറയുന്ന ദൂരപരിധിയിൽ വ്യത്യാസമുണ്ട്.
കോളനിയിൽ നിന്നും വിദ്യാലയത്തിലേക്കുള്ള ദൂരമാണ് ട്രൈബൽ വകുപ്പ് പരിഗണിച്ചത്. എന്നാൽ, ചിലയിടങ്ങളിൽ ഇതിനെ മറികടന്നാണ് കിലോമീറ്റർ രേഖപ്പെടുത്തിയത് എന്ന് ആക്ഷേപമുണ്ട്. പുതുതായി ഇറക്കിയ സർക്കാർ മാനദണ്ഡ പ്രകാരം തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് മാത്രമാണ് വിദ്യാവാഹിനി അനുവദിക്കുക.
എന്നാൽ, അടുത്തുള്ള വിദ്യാലയങ്ങൾ മറികടന്ന് മറ്റ് വിദ്യാലയങ്ങളിലേക്ക് പോകുന്ന വാഹനങ്ങളിൽ ഈ കുട്ടികളെ കൂടി ഉൾപ്പെടുത്തിയതും പദ്ധതി ആശങ്കയിലാവാൻ ഇടയാക്കിയിട്ടുണ്ട്. ദൂരെയുള്ള വിദ്യാലയങ്ങളിൽ ചേർന്ന കുട്ടികളെ പ്രമോട്ടർമാർ കണ്ടെത്തി അടുത്ത വിദ്യാലയങ്ങളിൽ ചേർത്താൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.