ഓമശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യംചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമർദനം. യുവതിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി ഒളിവിലാണെന്നാണ് സൂചന. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മൽപൊയിലിലാണ് ഈ മാസം 22ന് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി. മിർഷാദ് തന്റെ ഇൻസ്റ്റഗ്രാം ഐഡിയിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിനെ, യുവാവിന്റെ വീട്ടിലെത്തി യുവതി ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി ഉപദ്രവിച്ചത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിനും തലക്കും പരിക്കേൽക്കുകയും വിവാഹ നിശ്ചയസമയത്ത് കെട്ടിയ സ്വർണാഭരണം നഷ്ടപ്പെടുകയും ചെയ്തു.
കൊടുവള്ളി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും മറ്റൊരു പെൺകുട്ടിക്കും ഇതുപോലെ സംഭവിക്കരുതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കൊടുവള്ളി പൊലീസ് ഐ.പി.സി 341, 323, 324, 354 വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.