ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് വനിതാ കമ്മീഷന്‍

സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് വനിത കമ്മീഷൻ അധ്യക്ഷയും സി.പി.എം നേതാവുമായ പി. സതിദേവി. കമ്മീഷൻ റിപ്പോർട്ടിൽ ഉന്നതരുടെ വിവരങ്ങൾ അടക്കമുള്ളതിനാലാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ മടിക്കുന്നത് എന്ന ആരോപണം നിലനിൽക്കെയാണ് കമ്മീഷൻ അധ്യക്ഷയുടെ മറുപടി. ഇതോടെ, വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമായിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ കാണാൻ എത്തിയ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് സതിദേവിയുടെ പ്രസ്താവന. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

'സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിര്‍മാണ കമ്പനികള്‍ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഞാന്‍ സിനിമാ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്.

നിയമനിര്‍മാണം വേണം. ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിര്‍മാണ കമ്പനികളും നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' -അവർ പറഞ്ഞു.

2017 മുതല്‍ 2020 വരെയുള്ള ഹേമ കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളില്‍ പറയുന്നു.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷന്‍ 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോടികള്‍ ചെലവാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരേ ഡബ്ല്യു.സി.സി ഉള്‍പ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്. ഡബ്ല്യു.സി.സിയും വിവിധ തുടകളിലുള്ളവരും നിരന്തരം ആവശ്യ​പ്പെട്ടിട്ടും കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് ഇതുവരെ ഭരണപക്ഷത്തുനിന്നും അനുകൂല സമീപനം ഉണ്ടായിരുന്നില്ല. 

Tags:    
News Summary - The Women's Commission says the Hema Commission report should not be made public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.