കാസർകോട്: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചെയ്ത ജോലിക്ക് ഇനിയും കൂലിയില്ല, സംസ്ഥാനത്തെ ഫോട്ടോഗ്രാഫർമാർ പ്രതിഷേധത്തിൽ. തെരഞ്ഞെടുപ്പുകളിൽ ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫോട്ടോഗ്രാഫർമാരുടെ സംഘടന നേരിട്ടും തിരുവനന്തപുരത്ത് സി-ഡിറ്റ് മുഖേനയും മറ്റ് ജില്ലകളിൽ വ്യക്തികളിൽനിന്നുമാണ് ക്വട്ടേഷൻ സ്വീകരിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് പ്രതിഫലമില്ല. ഈയിനത്തിൽ കോടികളാണ് കിട്ടാനുള്ളതെന്നാണ് ഫോട്ടോഗ്രാഫർമാരുടെ സംഘടന പറയുന്നത്.
കാസർകോട്ട് ഏകദേശം 45 ലക്ഷത്തോളം രൂപയും കണ്ണൂർ 1.85 കോടിയും കിട്ടാനുണ്ട്. അന്ന് ജോലിചെയ്ത നാലോളം പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണറിവ്. ഇതുസംബന്ധിച്ച് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. മുഖ്യമന്ത്രി പരാതി പരിഹരിക്കാനാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലേക്ക് നിർദേശം നൽകിയെങ്കിലും കലക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരത്ത് സാമ്പത്തിക വിഭാഗത്തിൽനിന്ന് ഓർഡറായി വന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂവെന്നാണ് പറയുന്നതെന്നും എ.കെ.പി.ടി.എ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉദ്യോഗസ്ഥർ ഫയൽ നീക്കാത്തതാണ് ഇത്രയും വൈകാൻ കാരണമെന്നും ഫോട്ടോഗ്രാഫർമാർ നിരന്തരം ഓഫിസുകൾ കയറിയിറങ്ങിയാണ് ഒരുവിധത്തിൽ ഫയൽ നീങ്ങിയതെന്നും ഇനി തിരുവനന്തപുരത്തുനിന്ന് ഫിനാൻസ് വിഭാഗം ഓർഡർ വന്നാൽ മതിയെന്നും പറയുന്നുണ്ട്. അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വഴിയുള്ള ഫണ്ട് ട്രഷറിയിലുണ്ടെന്നും ഇതുസംബന്ധിച്ച ഓർഡർ മാത്രമേ ലഭിക്കേണ്ടതുള്ളൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ മറ്റ് ജോലി ചെയ്തവർക്ക് തുക ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു.
ഓണത്തിനുമുമ്പേ തരുമെന്നായിരുന്നു ഉറപ്പ് പറഞ്ഞിരുന്നത്. പിന്നീട്, ഉദ്യോഗസ്ഥർ അവധിയാണെന്നും മറ്റും പറഞ്ഞ് അത് നീട്ടുകയായിരുന്നെന്നും 18 ശതമാനം ജി.എസ്.ടി അടക്കമാണ് ക്വട്ടേഷൻ വിളിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 40 ദിവസത്തോളമുള്ള മറ്റു ചെലവുകളടക്കം സ്വന്തമായി വഹിച്ചിരുന്നെന്നും ഫോട്ടോഗ്രാഫർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.