കൽപറ്റ: 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ വയനാട് ദ്വയാംഗ മണ്ഡലത്തിൽനിന്ന് സംവരണ സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് എം.കെ. ജിനചന്ദ്രൻ കണ്ടുവെച്ചത് തരിയോട് സ്വദേശിയായ പണിയ സമുദായത്തിലെ ചാമനെയായിരുന്നു. ജാതിയിൽ 'മുന്തിയ' കുറുമരും കുറിച്യരും പണിയസ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ മടിക്കുമെന്ന് ചിലർ സംശയമുന്നയിച്ചതോടെ വാഴവറ്റ സ്വദേശിയായ മധുര എന്ന കുറുമ സമുദായക്കാരൻ സ്ഥാനാർഥിയായി. ആദ്യ നിയമസഭയിൽ വയനാടിനെ പ്രതിനിധാനംചെയ്ത രണ്ട് സാമാജികരിൽ ഒരാളായി അദ്ദേഹം. 64 വർഷങ്ങൾക്കിപ്പുറം 16ാം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും പണിയ സമുദായം പടിക്കുപുറത്തുതന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പണിയ സമുദായത്തിന് പ്രാതിനിധ്യം നൽകണമെന്ന് കേരള പണിയ സമാജം, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും മുന്നണികൾ പരിഗണിച്ചില്ല.
സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 37.36 ശതമാനം വയനാട്ടിലാണ്. അതിനാൽ, ജില്ലയിലെ മൂന്നിൽ രണ്ടു മണ്ഡലങ്ങളും ആദിവാസി സംവരണമാണ്. അവരുടെ നിയമസഭ പ്രാതിനിധ്യവും ശാക്തീകരണവുമെല്ലാം അടിസ്ഥാനലക്ഷ്യങ്ങളാണ്. 2008ലെ മണ്ഡല പുനഃക്രമീകരണത്തിനുശേഷം വയനാട് ജില്ലയിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളുണ്ടാവുകയും അതിൽ മാനന്തവാടിയും സുൽത്താൻ ബത്തേരിയും പട്ടികവർഗ സംവരണമാവുകയും ചെയ്തെങ്കിലും എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ ഇതുവരെ പണിയ സമുദായത്തിൽനിന്നുള്ളവരെ സ്ഥാനാർഥിയാക്കിയിട്ടില്ല.
വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ ഏറ്റവും കൂടുതലുള്ളത് പണിയരാണ്. ആദിവാസികളിൽ ഏറ്റവും ദരിദ്രരും നിരക്ഷരരും ഈ വിഭാഗമാണ്. 2011ലെ സെൻസസ് പ്രകാരം 81,940 ആണ് ജനസംഖ്യ. വയനാട്ടിലെ ആദിവാസി ജനസംഖ്യയുടെ 40 ശതമാനമാണിത്. നിലവിൽ ഉന്നത വിദ്യാഭ്യാസം നേടിയ, തിരഞ്ഞെടുക്കപ്പെടാൻ അർഹരായവർ ഈ സമുദായത്തിൽ ഉണ്ടായിരിക്കെയാണ് മുന്നണികളുടെ അവഗണന.
ബി.ജെ.പി ഇത്തവണ മാനന്തവാടി മണ്ഡലത്തിലേക്ക് പണിയ സമുദായത്തിൽനിന്നുള്ള മണികണ്ഠൻ എന്ന മണിക്കുട്ടനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് തെൻറ സമ്മതത്തോടെയല്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിൻവാങ്ങി. ബി.ജെ.പിക്ക് ശക്തമായ വേരുകളില്ലാത്ത വിഭാഗമാണ് പണിയർ. അതേസമയം, മറ്റു മുന്നണികൾക്കാണ് ഇവർ വോട്ട് നൽകുന്നത്. എന്നിട്ടും ആദിവാസികളിലെ ഭൂരിപക്ഷ സമുദായമായ പണിയർക്ക് അർഹമായ പരിഗണന കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.