തിയറ്ററുകൾ 25ന് തുറക്കും; പ്രവേശനം രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക്​

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ ഈ മാസം 25ന് തുറക്കും. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം അനുവദിക്കുക. ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. എ.സി പ്രവർത്തിപ്പിക്കാനും അനുമതി നൽകും. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.

സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.

സി എഫ് എൽ ടി സി, സി. എസ്.എൽ. ടി സി കളായി പ്രവർത്തിക്കുന്ന കോളജുകൾ, കോളജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളന്‍റിയർമാരെ പകരം കണ്ടെത്താവുന്നതാണ്.

സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക സാഹചര്യങ്ങളിൽ ആന്‍റിജൻ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്‍റിജൻ കിറ്റുകൾ ലഭ്യമാക്കേണ്ടതുണ്ട്.

കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Theaters in kerala to reopen from October 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.