മലപ്പുറം: ആലത്തൂർപ്പടി ജുമാമസജിദിന്റെ സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത് മോഷണ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശി മുജീബ് (35) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെയാണ് പള്ളി കമ്മിറ്റി പള്ളിയുടെ മുന്നിൽ സ്ഥാപിച്ച സംഭാവനപ്പെട്ടിയിലെ പണം മോഷ്ടിക്കാൻ ശ്രമം നടന്നത്.
ഇതുവഴി റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് രണ്ടുപേർ സംഭാവനപ്പെട്ടിയുടെ പൂട്ട് തകർക്കുന്നത് ആദ്യം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടനെ സമീപത്തെ രാത്രിയിൽ പ്രവർത്തിക്കുന്ന കടയിൽ വിവരമറിയിച്ചു. കടക്കാരൻ സമീപവാസികളെ വിവരമറിയിക്കുയായിരുന്നു.
നാട്ടുകാർ മോഷണശ്രമം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികൾ ഓടിയൊളിച്ചു. തുടർന്ന് നാട്ടുകാർ സി.സി.ടി.വിയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയപ്പോൾ ഒരാൾ പള്ളിയുടെ സമീപമുള്ള കെട്ടിടത്തിലെ വെള്ളടാങ്കിൽ കയറി ഒളിച്ചതായി മനസിലാക്കി. ഉടനെ മലപ്പുറം പൊലീസിനെ വിവരമറിയിച്ച് പൊലീസ് സാന്നിധ്യത്തിൽ പ്രതിയെ വെള്ളടാങ്കിൽ നിന്ന് പിടികൂടുകയായിരുന്നു.
അതേസമയം കൂടെയുണ്ടായിരുന്ന ഒരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഐ.പി.സി 511, ഐ.പി.സി 380 വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. സമാനമായ കേസുകളിൽ നേരത്തെയും ഇയാൾ പ്രതിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.