തിരുവനന്തപുരം: മതവും ദേശവും ചോദ്യം ചെയ്യുന്ന മനുഷ്യർക്കിടയിൽ കലയുടെ സൗന്ദര്യമാവുകയാണ് സായിദ് ഷിഫാസ് എന്ന ഒമ്പതാം ക്ലാസുകാരൻ. ഏറെ ഇഷ്ടം തോന്നി ക്ഷേത്ര കലയായ കഥകളി അഭ്യസിച്ചെത്തിയപ്പോൾ അവനുമുന്നിൽ ക്ഷേത്ര വാതിലുകൾ അടഞ്ഞുകിടന്നില്ല, ആരുമവന്‍റെ പേരും ചോദിച്ചില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ എവിടെയോ കണ്ട് മനസ്സിൽ കയറിയതാണ് കളിഭ്രാന്ത്. മാതാപിതാക്കൾ എതിർത്തില്ല. തൃപ്പൂണിത്തുറയിൽ സദനം വിജയൻ വാര്യർക്കുകീഴിൽ അഞ്ചുവർഷമായി കഥകളി പഠിക്കുന്നു.
സീമകളില്ല; സായിദിന്റെ കഥകളിയാട്ടത്തിന്മട്ടാഞ്ചേരി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലായിരുന്നു ആദ്യ അരങ്ങ്. മുസ് ലിം ആയതിനാൽ എങ്ങനെ അമ്പലത്തിനകത്ത് കഥകളി അവതരിപ്പിക്കുമെന്ന ചോദ്യം മാതാപിതാക്കളെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ, അതൊന്നും ക്ഷേത്ര ഭാരവാഹികൾക്ക് പ്രശ്നമായിരുന്നില്ല. അവരുടെ അനുഗ്രഹാശിസ്സുകളോടെതന്നെ പുറപ്പാടുമായി വേദിയിലെത്തി.
അമരാവതി അമ്മൻകോവിലിലും കഥകളിയാടി. എല്ലാ വേഷങ്ങളും ആടണമെന്നാണ് ആഗ്രഹമെങ്കിലും മിനുക്ക് വേഷങ്ങളോടാണ് താൽപര്യം. സ്കൂളിൽ സംസ്കൃതം പഠിക്കുന്നതിനാൽ ഹിന്ദു പുരാണകഥകളും പരിചിതം. മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ് വിദ്യാർഥിയാണ് ബിസിനസുകാരനായ ഫറാസ് ഇസ്മായിലിന്‍റെയും ഷിംസിയുടെയും മകനായ സായിദ്. മൂന്നാം ക്ലാസുകാരി സേറയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.