വീട് വെക്കാൻ അഞ്ചും പത്തും സെൻറ് തോട്ടഭൂമി വാങ്ങിയവരെ സംരക്ഷിക്കാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യം

കോഴിക്കോട്: വീട് വെക്കാൻ അഞ്ചും പത്തും സെൻറ് തോട്ടഭൂമി വാങ്ങിയവരെ സംരക്ഷിക്കാൻ 1963 ലെ ഭൂപരിഷ്കരണ നിയമത്തിൽ നിയമനിർമാണം നടത്തണമെന്ന് ആവശ്യം. പതിനായിരക്കണക്കിന് കുടുംബങ്ങൾ സംസ്ഥാനത്ത് തോട്ടഭൂമി അഞ്ചും പത്തും സെൻറ് വാങ്ങി വീട് വെച്ച് ജീവിക്കുന്നുണ്ട്. ഭൂപരിഷ്കരണനിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ് ഇവർ തോട്ടഭൂമി വില കൊടുത്തു വാങ്ങിയത്. അതിനാൽ ഇവരെ സംരക്ഷിക്കാൻ നിയമഭേദഗതി വുരത്തണമെന്നാണ് ആവശ്യം.

ഇത്തരത്തിൽ തോട്ടഭൂമി വാങ്ങിയവർ പലരും വീട് വെച്ചതിന് ശേഷം കോടതി കയറി വലയുകയാണ്. നിയമപരമായി കോടതിക്കും ഇവരെ സംരക്ഷിക്കാൻ കഴിയുന്നില്ല. പല റവന്യൂ ഉദ്യോഗസ്ഥരും തോട്ടഭൂമി തരംമാറ്റിയത് സാധൂകരിക്കാം എന്ന് പറഞ്ഞ് വലിയ തുക കൈക്കൂലിയും വാങ്ങുന്നു. എന്നാൽ, നിയമം മറികടന്ന് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യനാവില്ല. വീട് വെക്കാൻ പരിമിതമായ സെൻറ് ഭൂമി വാങ്ങിയവർക്ക് ഇളവ് നൽകുന്നതിന് ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പിൽ ഭേദഗതി വരുത്തിയാൽ മതി. അതുവഴി തോട്ടത്തിന്റെ തരംമാറ്റിയുള്ള മുറിച്ചു വില്പനയും തടയാം.

പ്ലാന്റേഷൻ ഭൂമിക്ക് ഭൂപരിഷ്കരണ പ്രകാരം ഇളവ് നൽകിയപ്പോൾ 15 ഏക്കർ കുടുംബത്തിന് നൽകിയിരുന്നു. ഈ 15 ഏക്കർ അടുത്ത തലമുറക്ക് വീതം വെക്കുന്നതിന് നിയമപരമായി തടസമില്ല. എന്നാൽ ഇളവ് നൽകിയ ഭൂമി സർക്കാരിന്റേതാണ്. അത് മുറിച്ച് വിൽക്കാൻ നിയമമില്ല. തോട്ടഭൂമി തരംമാറ്റിയാൽ മിച്ചഭൂമിയായി ഏറ്റെടുക്കണെന്നാണ് നിയമം. പ്ലാന്റേഷൻ ആയതിനാൽ മാത്രമാണ് ഭൂമിക്ക് ഇളവ് നൽകിയത്. സംസ്ഥാനത്തെ പ്ലാന്റേഷൻ അല്ലാത്ത എല്ലാ ഭൂമിയിലും 15 ഏക്കർ ഒഴികെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്തിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം അഞ്ചിലധികം അംഗങ്ങളുള്ള കുടുംബങ്ങൾക്ക് 20 ഏക്കർ വരെ അനുവദിച്ചിരുന്നു.

പ്ലാന്റേഷൻഭൂമി മുറിച്ച് വിറ്റ് തരം മാറ്റി ഉപയോഗിക്കാൻ നിയമപരമായി കഴിയില്ല. തരം മാറ്റി ഭൂമി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. തോട്ടഭൂമി തരംമാറ്റിയാൽ അത് സർക്കാരിൽ റിസർവ് ചെയ്യേണ്ട ഭൂമിയാകും. സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ പ്ലാന്റേഷൻ അല്ലാത്ത ഒരു വിഭാഗം ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിരുന്നു. പ്ലാന്റേഷൻ ഭൂമിക്കാകട്ടെ ഇളവ് നൽകുകയും ചെയ്തു.

ലാൻഡ് ബോഡ് സെക്രട്ടറിയുടെ നിയമ വിരുദ്ധമായ സർക്കുലർ റവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പിൻവലിച്ച് ഉത്തരവിറക്കിയിരുന്നു. ഭൂമാഫിയ സംഘത്തിന് സഹായം നൽകുന്ന ചില റവന്യൂ ഉദ്യോഗസ്ഥരാണ് സർക്കുലറിന് പിന്നിൽ പ്രവർത്തിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. അതോടെയാണ് വീടുവെക്കാൻ തോട്ടഭൂമി മുറിച്ച് വാങ്ങയവരുടെ പ്രശ്നം റവന്യൂവകുപ്പിന് മുന്നിലെത്തിയത്.

സെമിത്തേരിക്കും പള്ളിക്കും മറ്റ് പല കാര്യങ്ങൾക്കും താലൂക്ക് ലാൻഡ് ബോർഡ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇളവ് അനുവദിച്ച കാര്യത്തിന് മാത്രമേ ആ ഭൂമി ഉപയോഗിക്കാൻ കഴിയൂ. ശവപ്പറമ്പിന് അനുവദിച്ച ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാൻ കഴിയില്ല. അത് ഭൂമിയുടെ നിയമപരമായ ദുർവിനിയോഗം ആകും. 1970 ജനുവരി ഒന്നു മുതൽ എല്ലാവർക്കും നിയമം ബാധകമാണ്. എല്ലാവരും നിയമത്തിനു മുന്നിൽ സമന്മാരാണ്. കോഴിക്കോട് താമരശ്ശേരി കിനാലൂർ എസ്റ്റേറ്റിലടക്കം വീടുവെക്കാൻ തോട്ടംഭൂമി തരംമാറ്റിയവരെ റവന്യൂ സംരക്ഷിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - There is a demand that legislation should be made to protect those who bought 5 and 10 cent plantation land to build a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.