തിരുവനന്തപുരം: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. പുതിയ സ്റ്റോക്കെത്താത്തതാണ് കാരണം. പ്രധാന സ്ഥാപനങ്ങൾ വാക്സിൻ ഉൽപാദനം തൽക്കാലത്തേക്ക് നിർത്തിയെന്നാണ് വിവരം.
കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കാനാണ് വാക്സിൻ നൽകുന്നത്. കുഞ്ഞുങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ പ്രധാനമാണ്. സ്റ്റോക്ക് തീർന്നതോടെ പലയിടത്തും പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങുന്ന സ്ഥിതിയുണ്ട്.
ആരോഗ്യപ്രവർത്തകർ, വിദേശത്ത് ജോലിക്ക് പോകുന്നവർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർബന്ധമാണ്. മൂന്ന് ഡോസ് വാക്സിനാണ് നൽകുന്നത്. ഒന്നാമത്തേത് എടുത്ത് ഒരു മാസംകഴിഞ്ഞും പിന്നീട് 6 മാസം കഴിഞ്ഞുമാണ് വാക്സിനേഷൻ. അഞ്ച് വർഷം കഴിഞ്ഞ് പിന്നീട് ബൂസ്റ്റർ ഡോസ് എടുക്കണം.
ഗവ. ആശുപത്രികളിൽ കുറേക്കാലമായി വാക്സിൻ ലഭ്യമല്ല. ചില ആശുപത്രികളിൽ കുട്ടികൾക്കുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. വാക്സിൻ കാര്യക്ഷമമായതിനെതുടർന്ന് ഹെപ്പറ്റൈറ്റിസ് ബി ഒരു പരിധിവരെ നിയന്ത്രണവിധേയമായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എയും വ്യാപകമായി പടരുകയാണ്. കഴിഞ്ഞ വർഷം 6424 പേർക്കാണ് സംസ്ഥാനത്ത് രോഗബാധയുണ്ടായതെങ്കിൽ ഈ വർഷം 24000 ആയി ഉയർന്നു.
കഴിഞ്ഞവർഷം 14 പേർ മരിച്ചപ്പോൾ ഈ വർഷം ഇതുവരെയുള്ള മരണസംഖ്യ 82 ആണ്. സമീപകാലത്ത് രോഗബാധ കുതിച്ചുയർന്നത് വൈറസിന്റെ ജനിതക ഘടനയിൽ മാറ്റംവന്നത് മൂലമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അതേസമയം വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടില്ലെന്നും നേരത്തെയുള്ള ജീനോ-ടൈപ് തന്നെയാണെന്നും പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രാഥമിക പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.