കോട്ടയം: പുതിയ സോഫ്റ്റ്വെയർ സജ്ജമാവാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കാനാകുന്നില്ല. രണ്ടുദിവസമായി കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്ന് മടുത്ത് ഹെഡ്മാസ്റ്റർമാർ. ജൂലൈയിലെ അരിയുടെ ഇൻറന്റ് തയാറാക്കാൻ പ്രത്യേക ഗൂഗിൾ ഫോറം നൽകിയിരിക്കുകയാണ് ഇപ്പോൾ. ജൂൺ 30ന് പുതിയ സോഫ്റ്റ്വെയർ തയാറാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വെബ്സൈറ്റിൽ കയറുമ്പോൾ ‘സർവിസ് ലഭ്യമല്ല’ എന്നാണ് കാണിക്കുന്നത്. പഴയനിരക്ക് അനുസരിച്ചുള്ള സോഫ്റ്റ്വെയറാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. നേരത്തേ കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരുന്നു നിരക്ക് നിശ്ചയിച്ചിരുന്നത്. ജൂൺ ആദ്യവാരം ഇത് പരിഷ്കരിച്ച് പ്രൈമറി വിദ്യാർഥിക്ക് ആറു രൂപയും യു.പി വിദ്യാർഥിക്ക് 8.17 പൈസയും ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
ഹെഡ്മാസ്റ്റർമാർ ഓരോ ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം (ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന് വേർതിരിച്ച്), നൽകിയ ഭക്ഷണം, മുട്ട, പാൽ എന്നിവ ഉച്ചക്ക് രണ്ടിന് മുമ്പ് സൈറ്റിൽ രേഖപ്പെടുത്തണം. മാസാവസാനം എൻ.എം.പി- 1, കെ.ടു തുടങ്ങിയ റിപ്പോർട്ട് എടുത്തുനൽകുകയും വേണം.
ജൂൺ 30ന് സോഫ്റ്റ്വെയർ തയാറാകുമെന്ന് പറഞ്ഞിരുന്നതിനാൽ പഴയ സോഫ്റ്റ്വെയറിലാണ് ഒരു മാസത്തെ വിവരങ്ങൾ ചേർത്തത്. ജൂൺ അവസാനം, റിപ്പോർട്ടുകൾ ഇപ്പോൾ തയാറാക്കേണ്ടെന്നും വിവരങ്ങൾ മാറ്റി കൊടുക്കണമെന്നും ജൂൺ 30 കഴിഞ്ഞ് ചെയ്താൽ മതിയെന്നും അറിയിപ്പ് വന്നു.
ഇതുപ്രകാരമാണ് ജൂലൈ ഒന്നുമുതൽ ഹെഡ്മാസ്റ്റർമാർ വിവരങ്ങൾ ചേർക്കാൻ ശ്രമിച്ചത്. ഇതിന് നേരത്തേ ചേർത്ത വിവരങ്ങളോരോന്നും നീക്കണം. എന്നാൽ, സൈറ്റ് കിട്ടാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ല. കമ്പ്യൂട്ടറിന്മുന്നിൽ ഇരിക്കുന്നതിനാൽ ക്ലാസുകളും മുടങ്ങുന്നു.
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുക വിനിയോഗിക്കുന്നതുസംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. പദ്ധതി നടപ്പാക്കാൻ പ്രധാനാധ്യാപകർ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) അടക്കം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നിർദേശം. ജൂലൈ പത്തിനകം വിശദീകരണ പത്രിക സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.