ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ നടിമാരുടെ പരാതികളിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നൽകിയ കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ഹൈകോടതി വിധിക്കെതിരെ സിനിമ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി സ്റ്റേ ആവശ്യത്തിലും വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ച് ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ 40 കേസുകൾ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്യാൻ തയാറെടുക്കുകയാണെന്നും അതിനാൽ ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സജിമോനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ രോഹ്തഗി വാദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ കേരള ഹൈകോടതി പരിഗണിച്ച ദിവസങ്ങളിലെല്ലാം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി ചേംബറിൽ അഡ്വക്കറ്റ് ജനറലും എസ്.ഐ.ടി ഉദ്യോഗസ്ഥരും അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ വിശദാംശങ്ങൾ ആർക്കും അറിയില്ല. എന്നാൽ, ഈ ചർച്ചകൾക്ക് ശേഷമാണ് കേസിൽ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുകുൾ രോഹ്തഗി ആരോപിച്ചു.
കേസിന്റെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നതുവരെ ആരോപണ വിധേയരായവർക്ക് എഫ്.ഐ.ആർ ഉൾപ്പെടെ രേഖകൾ കൈമാറരുതെന്ന് ഹൈകോടതി നിർദേശിച്ചിരുന്നുവെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുകുൾ രോഹ്തഗി വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.