കാസർകോട്: പ്രഖ്യാപിച്ച സ്ഥാനാർഥിയെ എതിരേറ്റുകൊണ്ടുപോയി തെരഞ്ഞെടുപ്പിെന നേരിട്ട ചരിത്രമുള്ള എൽ.ഡി.എഫിൽ ആദ്യമായി അശാന്തിനിറഞ്ഞ സാഹചര്യം.
സി.പി.എമ്മിൽ മാത്രമല്ല സി.പി.െഎയിലുമുണ്ടായി അമർഷവും പൊട്ടിത്തെറിയും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മൂന്നാമതും സ്ഥാനാർഥിയാക്കിയതിലാണ് ഒരു വിഭാഗത്തിെൻറ അമർഷം പൊങ്ങിവന്നത്.
മത്സരത്തിൽ നിന്ന് പിന്മാറിയ മന്ത്രിയെ വീണ്ടും മത്സരത്തിലേക്ക് നയിച്ചത് പകരക്കാരനെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടിയിലുണ്ടായ പ്രയാസമാണെന്നാണ് വിലയിരുത്തൽ. സി.പി.എമ്മിലാണെങ്കിൽ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് സീറ്റ് നിഷേധിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
തൃക്കരിപ്പൂരിൽ സിറ്റിങ് എം.എൽ.എ എം. രാജഗോപാലനെതിരെ പാർട്ടിക്കകത്ത് കടുത്ത നീരസം ഉറഞ്ഞുപൊന്തിയ സമയത്താണ് എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേര് സംസ്ഥാന കമ്മിറ്റി തള്ളിയത്. അത് ഒരു പാരവെപ്പായിരുന്നുവെന്നാണ് വിലയിരുത്തൽ.
തുടർഭരണം ലഭ്യമായാൽ ബാലകൃഷ്ണൻ മാസ്റ്റർ മന്ത്രിയായേക്കുമെന്ന 'ഭയം' ചില ഉന്നത നേതാക്കളിൽ ഉടലെടുത്തതാണ് കാരണമെന്ന് പറയുന്നു. ലോക്സഭയിലേക്ക് നിർദേശിച്ചിട്ടും മാസ്റ്ററുടെ പേര് തള്ളിയിരുന്നു. ജയം ഉറപ്പില്ലാത്ത മഞ്ചേശ്വരത്ത്, നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മൂന്നുവട്ടം ജില്ല സെക്രേട്ടറിയറ്റ് ചേർന്നിരുന്നു.
എന്നാൽ, തൃക്കരിപ്പൂരിനുവേണ്ടി ജില്ല കമ്മിറ്റി അയച്ച ബാലകൃഷ്ണൻ മാസ്റ്ററുടെ പേര് വെട്ടുന്നതിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
ഇത് ബാലകൃഷ്ണൻ മാസ്റ്ററെ ചൊടിപ്പിച്ചിട്ടുമുണ്ട്. ഉദുമയിൽ സി.എച്ച്. കുഞ്ഞമ്പുവിെൻറ സ്ഥാനാർഥിത്വമാണ് സമാധാനമായി അവസാനിച്ചത്. മഞ്ചേശ്വരത്ത് കന്നഡ വിഭാഗത്തിൽപെട്ട സ്ഥാനാർഥിക്കെതിരെയാണ് പാർട്ടിക്കകത്തുനിന്നും എതിർപ്പുയർന്നത്.
ഇത് കാഞ്ഞങ്ങാട്ടുനിന്നുള്ള ജില്ല കമ്മിറ്റിയംഗമായ വി.വി. രമേശന് മത്സരത്തിനുള്ള അവസരം ലഭിച്ചു. എന്നാൽ, രമേശെൻറ സ്ഥാനാർഥിത്വത്തെ ഉൾക്കൊള്ളാൻ മഞ്ചേശ്വരത്തെ സി.പി.എം നേതാക്കൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.