സെൻസർ ചെയ്തതിൽ വീഴ്ചയുണ്ടായി, ആർ.എസ്.എസ് നോമിനികൾക്കെതിരെ വിമർശനം; ബി.ജെ.പി കോർ കമ്മിറ്റിയിൽ എമ്പുരാൻ ചർച്ച

സെൻസർ ചെയ്തതിൽ വീഴ്ചയുണ്ടായി, ആർ.എസ്.എസ് നോമിനികൾക്കെതിരെ വിമർശനം; ബി.ജെ.പി കോർ കമ്മിറ്റിയിൽ എമ്പുരാൻ ചർച്ച

തിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ബഹിഷ്കരണാഹ്വാനം മുഴക്കുന്നതിനിടെ സിനിമക്ക് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടി എന്നതിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും ചർച്ച. ബി.ജെ.പി-ആർ.എസ്.എസ് ബന്ധമുള്ള നാല് നോമിനികൾ സെൻസർ ബോർഡിലുണ്ട്. ഇവർക്കടക്കം ഈ സിനിമ സെൻസർ ചെയ്തതിൽ വീഴ്ചയുണ്ടായി എന്ന് ഒരുവിഭാഗം നേതാക്കൾ വാദിച്ചു.

അതേസമയം ബി.ജെ.പിയുമായി ബന്ധമുള്ളവർ സെൻസർ ബോർഡിലില്ലെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. ആർ.എസ്.എസ്, തപസ്യ എന്നിവയുമായി ബന്ധപ്പെട്ടവരാണ് നാലുപേരെന്നും ഇവർക്ക് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കണമെന്നും അഭിപ്രായമുയർന്നു. മോഹൻലാൽ തന്റെ സുഹൃത്താണെന്നും ആ നിലക്കാണ് താൻ സിനിമ കാണുമെന്ന് പ്രതികരിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു.

ഫലത്തിൽ ബി.ജെ.പിക്കുള്ളിൽ തന്നെ സിനിമയോടുള്ള സമീപനകാര്യത്തിൽ വ്യത്യസ്ത നിലപാട് പ്രകടമാണ്. അതേസമയം ആർ.എസ്എസ് നേതാക്കളടക്കം ബഹിഷ്കരണ ആഹ്വാനം മുഴക്കുമ്പോൾ സിനിമ ബഹിഷ്കരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി ഔദ്യോഗിക തീരുമാനം. ഇക്കാര്യ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.

എന്നാൽ, ബി.ജെ.പി കോർ യോഗത്തിൽ ചർച്ച ചെയ്തത് എന്ന നിലയിൽ എമ്പുരാൻ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്ന് പാർട്ടി സംസ്ഥാന ജന. സെക്രട്ടറി പി. സുധീർ പ്രസ്താവനയിൽ അറിയിച്ചു. ബി.ജെ.പി കോർയോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങളോ ചർച്ച ചെയ്യുന്നത് ബി.ജെ.പിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നേരത്തെ, എമ്പുരാൻ സിനിമ വിഷയത്തിൽ നേതാക്കൾ നടത്തുന്ന പ്രതികരണം വ്യക്തിപരമെന്നാണ് സുധീർ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. സിനിമാസ്വാദകർക്ക് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സിനിമ അതിന്‍റെ വഴിക്കും പാർട്ടി പാർട്ടിയുടെ വഴിക്കും പോകുമെന്നും കോർ കമ്മിറ്റി യോഗശേഷം അദ്ദേഹം പറഞ്ഞു.

മുതിർന്ന ആർ.എസ്.എസ് നേതാക്കൾ തന്നെ വിഷയത്തിൽ പ്രതികരിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘ഞങ്ങൾക്ക് ഒരു കാമ്പയിനും ഇല്ലെന്ന്’ സുധീർ ആവർത്തിച്ചു. ഇതൊന്നും പാർട്ടിയെ ബാധിക്കുന്നതല്ല. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. പാർട്ടിയെ സംബന്ധിച്ച് ഇക്കാര്യങ്ങളിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. തലസ്ഥാനത്ത് വി.വി. രാജേഷിനെതിരെയുണ്ടായ പോസ്റ്റർ വിവാദം പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പിന്നിൽ പുറത്തുനിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - There was a lapse in censorship; Empuraan discussion in BJP core committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.