തിരുവനന്തപുരം: പിണറായി സർക്കാറിെൻറ കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങൾ. ഈ വർഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് നാടിനെ നടുക്കി അരങ്ങേറിയതെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2016 മേയ് 25 മുതൽ 2021 ഡിസംബർ 19 വരെ 19 ആർ.എസ്.എസ് /ബി.ജെ.പി പ്രവർത്തകരും 12 സി.പി.എം/ഡി.വൈ.എഫ്.ഐക്കാരും കൊല്ലപ്പെട്ടു.
കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ്- ആറ്, എസ്.ഡി.പി.ഐ- രണ്ട്, ഐ.എൻ.ടി.യു.സി-ഒന്ന്, ഐ.എൻ.എൽ- ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. എറണാകുളത്ത് കാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സി.പി.എം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.
പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്-11, തൊട്ടുപിന്നിൽ തൃശൂർ-എട്ട്. രണ്ടുമാസത്തിനിടെ, രാഷ്ട്രീയ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു.
ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയത്.
നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുണ്ടായെങ്കിലും ജില്ല പൊലീസ് മേധാവിമാർ ഗൗരവമായെടുത്തില്ല.
ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങരയിൽ സി.പി.എം പ്രവർത്തകൻ സന്ദീപിനെ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധത്തെ തുടർന്ന് ആർ.എസ്.എസ്, ബി.ജെ.പി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തി. ദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞതും.
മുൻകാലങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങൾ ജില്ല പൊലീസ് മേധാവിമാരുടെ ഓഫിസിൽ തയാറാക്കാറുണ്ട്.
എന്നാൽ, ഈ പ്രവർത്തനം സ്തംഭിച്ചിട്ട് രണ്ടുവർഷത്തിലേറെയായി. പകരം കോവിഡ് കേസുകളുടെ വിവരശേഖരണം മാത്രമായി ഇവരുടെ ജോലി ഒതുങ്ങി. ഇതും സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ തഴച്ചുവളരാനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.