തിരുവനന്തപുരം: സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികളുടെ രൂപവത്കരണവും അവയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
സിനിമ മേഖലയിലെ തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട കൂലിയും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാവശ്യമായ സംവിധാനം ഉറപ്പുവരുത്തും. ജസ്റ്റിസ് ഹേമ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചൂഷണവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതിന് സമഗ്രമായ നിയമനിർമാണത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണ്.
തൊഴിൽ ചൂഷണം ഒഴിവാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകും. ഇതിന് മുന്നോടിയായി സിനിമ-വിനോദ മേഖലകളിലെ സംഘടനകളുടെ പ്രതിനിധികളുടെ ഏകദിന ശില്പശാല ഫെബ്രുവരിയിൽ എറണാകുളത്ത് സംഘടിപ്പിക്കും. സിനിമ-വിനോദ മേഖലകളിലെ വിവിധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച് ചേർന്ന തൊഴിൽ വകുപ്പ് ഉന്നതതല യോഗത്തിൽ മന്ത്രി അറിയിച്ചു.
തൊഴിൽവകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, ലേബർ കമീഷണർ സഫ്‌ന നസറുദ്ദീൻ, അഡീ. ലേബർ സെക്രട്ടറി ബി. പ്രീത, അഡീ. ലേബർ കമീഷണർമാരായ കെ. ശ്രീലാൽ, കെ.എം. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.