കോഴിക്കോട് : 3800 ഏക്കർ സർക്കാർ തോട്ടഭൂമി തരംമാറ്റി മുറിച്ച് വിറ്റവർ വയനാട്ടിലെ ഉരുൾപെട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിന് തടസം നിൽക്കുന്നുവെന്ന് റവന്യൂ വകുപ്പ്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഭൂപരിഷ്കരണ നിയമം അട്ടമറിച്ച് ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി മുറിച്ച് വിറ്റുവെന്ന് കണ്ടെത്തിയത്. ഈ തോട്ടഭൂമിയെല്ലാം നിയമവിരുദ്ധമായി തരംമാറ്റിക്കഴിഞ്ഞു.
ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തോട്ടം ഭൂമിക്ക് പരിധിയിൽ ഇളവ് നൽകിയത് താലൂക്ക് ലാൻഡ് ബോർഡ് ആയിരുന്നു. സൗത്ത് വയനാട് താലൂക്ക് ലാൻഡ് ബോർഡാണ് (902/ 1973) സീലിങ് കേസിൽ 4500 ഏക്കർ ഭൂമി ചെമ്പ്ര എസ്റ്റേറ്റിന് ഇളവ് നൽകിയത്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ലാൻഡ് ബോർഡ് ഇളവ് അനുവദിച്ചതിൽ നാലിലൊന്ന് ഭൂമി മാത്രമേ ഇന്ന് തോട്ടമായിട്ടുള്ളൂ.
പ്രമാണ രേഖകൾ പ്രകാരം വിദേശ കമ്പനിയായ ഹാരിസൺസ് കമ്പനി 1947ന് മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിയാണ് ചെമ്പ്ര എസ്റ്റേറ്റ്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സർവേ നമ്പർ 88/1ലെ തോട്ട ഭൂമി 496 പേർക്കാണ് മുറിച്ചു വിറ്റത്. കോട്ടപ്പടി വില്ലേജിൽ ഒരു കുടുംബത്തിലെ അംഗങ്ങളായ 21 പേർ 100 ഭൂമി മുറിച്ചു വാങ്ങിയിട്ടുണ്ട്. വിദേശത്തോട്ടം ഭൂമി കൈയടക്കിയവർ അഞ്ച് സെന്റ് മുതൽ നാലുമഞ്ചും ഏക്കർ വരെ മറിച്ചു വില്പന നടത്തി. ഭൂപരിഷ്കരണ നിയമത്തിലെ ലംഘനം വലിയതോതിൽ വയനാട്ടിൽ നടന്നിരിക്കുന്നു എന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
ഉരുൾപൊട്ടി ഭൂമിയും വീടും നഷ്ടമായി അഭയാർഥികളെപ്പോലെ കഴിയുന്നവരുടെ പുനരധിവാസത്തിന് ഹാരിസൺസിന്റെ നെടുമ്പാല എസ്റ്റേറ്റിനൊപ്പം കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൻറെ കല്പറ്ററ്റ ബൈപ്പാസിനോട് ചേർന്ന പുല്ലാറ ഡിവിഷനിലും ടൗൺഷിച്ച് നിർമിക്കാൻ അംഗീകാരം നൽകിയാണ് സർക്കാർ ഉത്തരവിറങ്ങിയത്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഏറ്റെടുക്കൽ.
ഇതിരെയാണ് ഹാരസൺസും എൽസ്റ്റണും ഹൈകോടതിയിൽ ഹരജി നൽകിയത്. രാജമാണിക്യം റിപ്പോർട്ട് പ്രകാരം ഇവർ സർക്കാർ ഭൂമി അനധികൃതിമായാണ് കൈവശം വെച്ചിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനിക്ക് പാട്ടത്തിന് നൽകിയ ഭൂമി 1947 ഓടെ സർക്കാരിന് സ്വന്തമായിരുന്നു. എന്നാൽ, ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ലാൻഡ് ബോർഡിൽ തെറ്റായി രേഖകൾ ഹാരജരാക്കി ഇപ്പോഴത്തെ ഉടമസ്ഥർ ഭൂമി സ്വന്തമാക്കിയെന്ന് എം.ജി.രാജമാണിക്യത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.
ലാൻബോർഡ് സെക്രട്ടറിയായിരുന്ന പി.മേരിക്കുട്ടി താലൂക്ക് ലാൻഡ് ബോർഡുകൾ നൽകിയ ഇളവ് പുന:പരിശോധിക്കണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും അതിൽ നടപടിയുണ്ടായില്ല. താലൂക്ക് ലാൻഡ് ബോർഡുകൾ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും മേരിക്കുട്ടി റിപ്പോർട്ടിൽ രേഖപ്പെടുത്തി. വയനാട്ടിലെ ആയിരിക്കണക്കിന് ഏക്കർ തോട്ടം ഭൂമി തരംമാറ്റി മുറിച്ച് വിൽക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡിലെ ഉദ്യോഗസ്ഥർ സാക്ഷിയാണ്. വയനാട്ടിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി മുറിച്ച് വിറ്റ് കോടുകൾ സമ്പാദിച്ചവരാണ് പാവങ്ങളുടെ പുനരധിവാസത്തിന് തടയിടുന്നത്.
തോട്ടഭൂമി തരംമാറ്റം നടത്തുന്നത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ 1963 - ലെ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 87(ഒന്ന്) പ്രകാരം മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് മന്ത്രി കെ.രാജൻ നേരത്തെ നിർദേശം നൽകിയിരുന്നു. അത് പ്രകാരം റവന്യൂ വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ഈ എസ്റ്റേറുകൾക്കതെതിരെ ഇതുവരെ ലാൻഡ് ബോർഡ് നടപടി സ്വീകരിച്ചിട്ടില്ല.
നിയമത്തിലെ വകുപ്പ് 81(ഒന്ന്) പ്രകാരം ഭൂപരിധിയില്‍ ഇളവ് നേടിയ ഭൂമി തരം മാറ്റിയാല്‍ തരം മാറ്റപ്പെട്ട ഭൂമി വകുപ്പ് 83 പ്രാബല്യത്തിലായ 1970 ജനുവരി ഒന്നിന് ശേഷം ആര്‍ജിച്ചതായി കണക്കാക്കി സീലിങ് പരിധിയില്‍ ഇളവ് നേടിയ വ്യക്തികളുടെയും ഈയാളുകളുടെ പിന്‍തുടര്‍ച്ചാവകാശികളുടെയും പേരില്‍ സീലിങ് കേസുകള്‍ പുന:രാരംഭിച്ച് ഭൂപരിധി പുനര്‍നിർണയിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത ഉത്തരിവിനെതിരെ ഇവർ ഹൈകോടതിയെ സമീപച്ചു. അതിനാൽ ഹാരിസൺസിനും (ഒ.എസ്-137/124) എൽസ്റ്റനും (ഡബ്യൂ.പി 36125/24 ) കൈവശം വെച്ചിരിക്കുന്നത് ഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാൻ വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ സുൽത്താൻ ബത്തേരി കോടതിയിലും സിവിൽ കേസ് ഫെയൽ ചെയ്തു. ഇതോടെ വയനാട്ടിലെ വിദേശ തോട്ടം ഭൂമിയെ സംബന്ധിച്ച് അന്വേഷണവും റവന്യൂ വകുപ്പ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.