തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ കൊടിപിടിച്ചവർ ഇപ്പോൾ പദ്ധതിയെ തങ്ങളുടെ കുഞ്ഞാക്കി മാറ്റാൻ ശ്രമിക്കുന്നെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്‌മരണ ചടങ്ങിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നത് വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽ.ഡി.എഫിന് അവകാശപ്പെടാൻ കഴിയുക. 2019ൽ തീരേണ്ട പദ്ധതി അവരുടെ സമരം കാരണമാണ് നീണ്ടത്. 2015ൽ പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ ആയിരം ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. തറക്കല്ലിടാൻ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല.
വിഴിഞ്ഞത്ത് കപ്പൽ വരുന്നുവെന്നത് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന വലിയ ആദരം. തിരുവനന്തപുരത്തിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്നവർ ലൈറ്റ് മെട്രോയുടെ അവസ്‌ഥയെകുറിച്ചുകൂടി പറയണം. ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. വി.എസ്.എസ്‍.സി ഉൾപ്പെടെ സ്ഥാപനങ്ങൾ വരാൻ ത്യാഗം സഹിച്ചവരാണ് ലത്തീൻ സമുദായം. അവരെ ചേർത്തുപിടിക്കണം. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.