വടകര: കെ.കെ രമ എം.എൽ.എക്ക് വധഭീഷണിയുമായി കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എം.എൽ.എ ഡി.ജി.പി അനിൽ കാന്തിന് നേരിട്ട് പരാതി നൽകി.
എം.എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് എടീ രമേ... എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ജൂലൈ 15ന് എഴുതിയ കത്തിലുള്ളത്.
കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരനും കെ.സി. വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് ഇവരോട് പറയുന്നത്.
എടീ രമേ... മണിച്ചേട്ടൻ നിന്നോട് മാപ്പ് പറയണം അല്ലേ. നിനക്ക് നാണമുണ്ടോ അത് പറയാൻ. സി.പി.എം എന്ന മഹാ പ്രസ്ഥാനത്തെ കുറിച്ച് നീ എന്താണ് ധരിച്ച് വച്ചിരിക്കുന്നത്. ഒഞ്ചിയം സമര നായകന്മാരെ കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്‍റെ തന്തയോട് ചോദിച്ചാൽ ചിലപ്പോൾ അറിയാമായിരിക്കും. ഒഞ്ചിയം രക്തസാക്ഷികളെ അൽപമെങ്കിലും ഓർത്തിരുന്നുവെങ്കിൽ ഒളുപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എം.എൽ.എയാകുമോ. നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. പിന്നെ, നിന്‍റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും കുറ്റപ്പെടുത്തി കൊണ്ട് കോൺഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല, ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും. പിന്നെ വി.ഡി സതീശനും പഴയ ഡി.ഐ.സി കെ. മുരളീധരനും കെ.സി വേണുഗോപാലനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ, നിങ്ങൾക്ക് വെച്ചിട്ടുണ്ട്, നമുക്കപ്പോൾ കാണാം. ഇൻക്വിലാബ് സിന്ദാബാദ്!
പയ്യന്നൂർ സഖാക്കൾ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.