കൊണ്ടോട്ടി: വില്പനക്കെത്തിച്ച ഹെറോയിനുമായി കൊണ്ടോട്ടിയില്‍ മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കൊണ്ടോട്ടി മേലങ്ങാടി മണ്ണാരില്‍ സ്വദേശി നെയ്യന് മുഹമ്മദ് അജ്മല്‍ (28), കാരിമുക്ക് സ്വദേശി വൈത്തലപറമ്പില് ഉമറുല്‍ ഫാറൂഖ് (30), നെടിയിരുപ്പ് കോളനി റോഡ് സ്വദേശി തലാപ്പില്‍ യഥുന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 10 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി കൊണ്ടോട്ടിയിലെ മണ്ണാരില്നിന്ന് അജ്മലിന്റെ വീട്ടുപരിസരത്തുനിന്നാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. രണ്ടുദിവസം മുമ്പ് മുംബൈയില്‍നിന്ന് വാങ്ങി വില്‍പനക്കെത്തിച്ചതാണ് ലഹരി വസ്തുവെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ടെന്നും കൊണ്ടോട്ടി, രാമനാട്ടുകര മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ലഹരിക്കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് സംഘം.
പിടിയിലായ അജ്മലിന്റെ പേരില്‍ കാസര്‍കോട് നീലേശ്വരം സ്റ്റേഷനില്‍ 30 ഗ്രാമോളം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയ കേസടക്കം അഞ്ച് ലഹരിക്കടത്ത് കേസുകള്‍ നിലവിലുണ്ട്.
യഥുന്‍ കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കൊലപാതകശ്രമ കേസുകളിലും ലഹരി കടത്തു കേസിലും പ്രതിയാണ്. തേഞ്ഞിപ്പലം സ്റ്റേഷന് പരിധിയില്‍ അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ഉപദ്രവിച്ചതടക്കം രണ്ട് ലഹരിക്കേസുകള്‍ ഉമറുല്‍ ഫാറൂഖിന്റെ പേരിലുണ്ട്.
ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി സിദ്ദീഖിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പെക്ടർ ദീപകുമാര്‍, സബ് ഇന്‍സ്പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളും എസ്.ഐ ആനന്ദന്, ഉദ്യോഗസ്ഥരായ അജിത്ത്, സജീഷ്, ഷുഹൈബ്, ഹരിലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ തുടരന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.