രാജമല: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ മരണപ്പെട്ട മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
ദുരന്തത്തില്‍ അകപ്പെട്ട അഞ്ചു പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയത്. റെഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചില്‍. ട്രിച്ചി ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെൻറ് ഓഫ് ജോഗ്രഫി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ നാലംഗ സംഘത്തിെൻറ സേവനം കഴിഞ്ഞ മൂന്നു ദിവസമായി റഡാര്‍ പരിശോധനക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്തിെൻറ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും തിരച്ചിലില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചില്‍ ജോലികള്‍ക്ക് പഞ്ചായത്തിെൻറ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിെൻറ സാന്നിധ്യം ഏറെ സഹായകരമായി. പുലിയുടേതടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ ജോലികള്‍ക്ക് കരുത്ത് പകരുന്നു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ജോലികള്‍ ഊര്‍ജിതമായി മുമ്പോട്ട് കൊണ്ടു പോകുമെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പെട്ടിമുടിയില്‍ ഉണ്ട്. വ്യാഴാഴ്ചയും മഴ മാറി നിന്നത് തിരച്ചില്‍ ജോലികള്‍ക്ക് അനുകൂലമായി.
സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തി ഭാവി സംരക്ഷിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് കെ.വി. മനോജ് കുമാര്‍ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം കൃത്യമായി ലഭ്യമാക്കുന്ന കാര്യത്തിലും പരിശോധന നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട് മൂന്നാര്‍ കോളനിയിലെ ബന്ധുവീട്ടില്‍ താമസിച്ചു വരുന്ന രണ്ടു കുട്ടികളെ വീട്ടിലെത്തി കെ.വി. മനോജ് കുമാര്‍ ആശ്വസിപ്പിച്ചു. തുടര്‍ ജീവിതത്തിന് പൂര്‍ണ്ണ പിന്തുണ ഉറപ്പു നല്‍കി. കമ്മീഷന്‍ അംഗം സി. വിജയകുമാറും ബാലാവകാശ കമീഷന്‍ ചെയര്‍മാനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.