മരിച്ച 11കാരി ലിബിനയും ലിയോണ പൗലോസും

കളമശ്ശേരി സ്ഫോടന പരമ്പരയിൽ മരണം മൂന്നായി; മരിച്ചത് ചികിത്സയിൽ കഴിഞ്ഞിരുന്ന 12കാരി

കൊച്ചി: കളമശ്ശേരിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 12കാരിയായ പെൺകുട്ടിയും രണ്ട് സ്ത്രീകളും അടക്കം മൂന്നുമരണം. മണിക്കൂറുകൾ നീണ്ട ദുരൂഹതക്കും തിരച്ചിലുകൾക്കുമൊടുവിൽ സ്വയം കുറ്റമേറ്റ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഹാജരായ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാർട്ടിനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 61 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം തിങ്കൾ പുലർച്ചെ 12.40നായിരുന്നു. ഞായർ രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയിൽ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുമുള്ള യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനാണ് കളമശ്ശേരി മെഡിക്കൽ കോളജിനടുത്ത സംറ കൺവെൻഷൻ സെന്‍ററിൽ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാർഥന തുടങ്ങി അൽപസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.

ആളുകൾ തിങ്ങിനിറഞ്ഞ ഹാളിന്‍റെ മധ്യഭാഗത്ത്, വേദിയിൽനിന്ന് അഞ്ചുമീറ്റർ മാറിയാണ് ഒന്നിനുപിറകെ ഒന്നായി മൂന്ന് പൊട്ടിത്തെറികളുണ്ടായത്. ആദ്യ സ്ഫോടനത്തിനൊപ്പം തീഗോളം മുകളിലേക്ക് ഉയർന്ന് താഴേക്ക് പതിച്ചു. തീ പടർന്നതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഇറങ്ങി ഓടുകയായിരുന്നു. മരിച്ച സ്ത്രീയുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ശരീരത്തിലേക്ക് തീ കത്തിപ്പടർന്നു. പരിക്കേറ്റവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കാക്കനാട് സൺറൈസ് ആശുപത്രികളിലാണുള്ളത്.

ബോംബ് സ്ഫോടനംതന്നെയാണ് ഉണ്ടായതെന്ന് തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഉച്ചയോടെ സ്ഥിരീകരിച്ചു. ഐ.ഇ.ഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. സ്ഫോടന സമയത്ത് നീല കാർ കൺവെൻഷൻ സെൻറർ വളപ്പിൽനിന്ന് പുറത്തുപോവുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായതിനെത്തുടർന്ന് ഇതിനെ കേന്ദ്രീകരിച്ചായി പ്രധാന അന്വേഷണം. എൻ.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.

നീല കാറിനെ കേന്ദ്രീകരിച്ചടക്കം അന്വേഷണം നടക്കുന്നതിനിടെയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ ഡൊമിനിക് മാർട്ടിൻ എന്നയാൾ കൃത്യം ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയതായി വിവരം വരുന്നത്. വിശദ ചോദ്യംചെയ്യലിന് ശേഷമാണ് മാർട്ടിനാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് വൈകുന്നേരത്തോടെ പൊലീസ് സ്ഥിരീകരിച്ചത്. സ്ഫോടനം നടത്തിയതിന്‍റെ തെളിവുകളും മറ്റും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടത്തുന്നതിനു പിന്നിലുള്ള കാരണമെന്തെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ വെളിപ്പെടുത്തി. ഇതേ കാര്യങ്ങൾതന്നെയാണ് പൊലീസിനോടും വ്യക്തമാക്കിയത്.

നൽകിയ വിവരങ്ങളും താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തെതുടർന്ന് ലഭിച്ച വിവരങ്ങളും മൊബൈലിൽ നിന്നടക്കം കിട്ടിയ തെളിവുകളും ബോധ്യമായതോടെ പ്രതി ഇയാൾതന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനും തുടർ നടപടികൾക്കുമായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. മരിച്ച കുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭർത്താവ് പരേതനായ പുഷ്പൻ. മക്കൾ: ശ്രീരാജ്, ശ്രീരാഗ്. മരുമകൾ ബിന്ദു. ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിൽ ചേർന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ജാഗ്രത നിർദേശം നൽകിയിരുന്നു. 

Tags:    
News Summary - Three dead in Kalamassery blast series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.