ഷൊർണൂർ: കേരള കലാമണ്ഡലം കോടിയോളം രൂപ ചെലവിട്ട് നിർമിച്ച മൂന്ന് ഡോക്യുമെന്ററികൾ ഇതുവരെ വെളിച്ചം കണ്ടില്ല. മടവൂർ വാസുദേവൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം സത്യഭാമ എന്നീ കലാകാരന്മാരെക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററികളാണ് പ്രദർശനം കാത്തുകഴിയുന്നത്.
കലാരംഗത്തുള്ള വിദ്യാർഥികളെയും ഗവേഷണ വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ഇവയൊരുക്കിയത്. നിർമാണം പൂർത്തിയാക്കി എല്ലാ ജോലികളും കഴിഞ്ഞശേഷം ഇവ പുറത്തിറക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർ വ്യക്തമായ ഉത്തരം നൽകുന്നില്ല. 2016-17ലാണ് അവസാനത്തെ ഡോക്യുമെന്ററി നിർമിച്ചത്. ഇതിനും വർഷങ്ങൾക്ക് മുമ്പാണ് മറ്റു രണ്ടും പൂർത്തീകരിച്ചത്.
പത്മഭൂഷൺ നേടിയ മടവൂർ വാസുദേവൻ നായർ കഥകളി തെക്കൻ ചിട്ടയിലെ പ്രഥമഗണനീയനാണ്. കലാമണ്ഡലത്തിൽ കഥകളി വിഭാഗം മേധാവിയുമായിരുന്നു. പത്മശ്രീ കലാമണ്ഡലം സത്യഭാമയാണ് ഇന്ന് കാണുന്ന രീതിയിൽ മോഹിനിയാട്ടത്തെ നവീകരിച്ചത്. ഒട്ടേറെ നൃത്ത ഇനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്.
പത്മശ്രീ ജേതാവ് കലാമണ്ഡലം ഗോപിയെക്കുറിച്ചാണ് അവസാനം ഡോക്യുമെന്ററി നിർമിച്ചത്. കഥകളിയിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റേതടക്കമുള്ള ചിത്രീകരണങ്ങൾ പുറത്ത് വന്നിരുന്നെങ്കിൽ അത് കലാലോകത്തിന് തന്നെ മുതൽക്കൂട്ടാകുമായിരുന്നു. മാത്രമല്ല, കലാമണ്ഡലത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാനും ഉതകുമായിരുന്നു. കലാമണ്ഡലത്തിെൻറ ഡോക്യുമെന്ററിക്ക് കേരളത്തിൽ മാത്രമല്ല, ലോകത്തിെൻറ വിവിധ കോണുകളിൽ സ്വീകാര്യതയുണ്ട്.
കലാമണ്ഡലം ഗോപിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് മാത്രം 40 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. ഇത് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഡോക്യുമെൻററി നിർമാണത്തിെൻറ ഉദ്ദേശ്യശുദ്ധിയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.