മാനന്തവാടി: പൂർവ വൈരാഗ്യത്തിൽ സുഹൃത്തിനെ കൊല്ലാൻ ഒരുക്കിയ മദ്യക്കെണിയിൽ ജീവൻ നഷ്ടമായത് മറ്റു മൂന്നുപേർക്ക്. മന്ത്രവാദ ചടങ്ങുകൾക്ക് കൊണ്ടുവന്ന വിഷമദ്യം കഴിച്ച് അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. മദ്യത്തിൽ വിഷം കലർത്തിയ മാനന്തവാടിയിലെ സ്വർണപ്പണിക്കാരൻ എറണാകുളം പറവൂർ സ്വദേശി ആറാട്ടുതറ ഡിലേനി ഭവന് സമീപം പാലത്തിങ്കൽ പി.പി. സന്തോഷിനെയാണ് (46) വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്) ഡിവൈ.എസ്.പി കുബേരൻ നമ്പൂതിരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മാനന്തവാടി ചൂട്ടക്കടവ് സ്വദേശി സജിത്ത് കുമാർ നൽകിയ മദ്യം കഴിച്ചാണ് വാരാമ്പറ്റ കാവുംകുന്ന് തിഗന്നായി (75), മകൻ പ്രമോദ് (35), ബന്ധു പ്രസാദ് (39) എന്നിവർ മരിച്ചത്. സന്തോഷാണ് സജിത്തിന് മദ്യം നൽകിയത്. സജിത്തിന് കുടിക്കാനാണ് വാങ്ങിയതെന്ന് കണക്കൂകൂട്ടിയ സന്തോഷ് അയാളെ കൊല്ലാൻ മദ്യത്തിൽ വിഷം ചേർക്കുകയായിരുന്നു. എന്നാൽ, സജിത്ത് ഇൗ മദ്യം തിഗന്നായിക്കാണ് നൽകിയത്.
തെൻറ അളിയൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന് സജിത്തിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. സന്തോഷ് സജിത്തിൽനിന്ന് 500 രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് പകരമായി മദ്യം നൽകാൻ സജിത്ത് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാനന്തവാടി ബീവറേജ് ഒൗട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യം, സന്തോഷ് വീട്ടിൽ സൂക്ഷിച്ചിരുന്ന തമിഴ്നാട്ടിൽ വിൽപന നടത്തുന്ന 1848 എന്ന പേരിലുള്ള മദ്യക്കുപ്പിയിലേക്ക് മാറ്റി. ഒന്നരവർഷം മുമ്പ് വാങ്ങി സൂക്ഷിച്ച പൊട്ടാസ്യം സയനൈഡ് കലർത്തി സെപ്റ്റംബർ 28ന് സജിത്തിന് എത്തിക്കുകയും ചെയ്തു. വീട്ടിൽ സൂക്ഷിച്ച മദ്യവുമായി ഒക്ടോബർ മൂന്നിന് സജിത്ത് മകളെയും കൂട്ടി തിഗന്നായിയുടെ വീട്ടിൽ പോവുകയും മന്ത്രവാദത്തിനുശേഷം ഇത് നൽകുകയുമായിരുന്നു. തിഗന്നായി മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റു രണ്ടുപേരും ഇതിെൻറ ബാക്കി കുടിക്കുകയും മരിക്കുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് സജിത്തിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയും മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ടവർ പട്ടികജാതിയിൽ പെട്ടവരായതിനാൽ കേസ് എസ്.എം.എസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജിത്തിന് മദ്യത്തിൽ വിഷം കലർത്തിയതിൽ പങ്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കേസിൽനിന്ന് ഒഴിവാക്കി. മനഃപൂർവമുള്ള നരഹത്യ (301), കൊലപാതകം (302) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
പട്ടികജാതി-പട്ടികവർഗ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വിഷം കലർത്തിയതിനുശേഷം കത്തിച്ചുകളഞ്ഞ മദ്യ, സയനൈഡ് കുപ്പികളുടെ അവശിഷ്ടങ്ങൾ സന്തോഷിെൻറ വീട്ടിൽനിന്ന് കണ്ടെടുത്ത് വിശദപരിശോധനകൾക്കായി കോഴിക്കോട് റീജനൽ അനലിറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സയനൈഡ് തന്നെയാണ് മരണകാരണമെന്ന റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.
പൂർവ വൈരാഗ്യത്തിൽ പൊലിഞ്ഞത് മൂന്ന് നിരപരാധികൾ
മാനന്തവാടി: പൂർവ വൈരാഗ്യത്തിെൻറ പേരിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിെൻറ ഫലമായി മരിച്ചത് മൂന്ന് നിരപരാധികൾ. ചൂട്ടക്കടവ് സ്വദേശി സജിത്ത് കുമാറിനെ കൊലപ്പെടുത്താനായിരുന്നു സ്വർണ പണിക്കാരനായ സന്തോഷിെൻറ ലക്ഷ്യം. സന്തോഷിെൻറ അളിയൻ ക്ലബ്കുന്ന് മണ്ണിൽ സതീഷ് 2014 മാർച്ച് 26ന് ആത്മഹത്യ ചെയ്തിരുന്നു. തെൻറ ഭാര്യയുമായി സജിത്തിനുള്ള ബന്ധമാണ് മരിക്കാൻ കാരണമെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ സജിത്തിനോട് സന്തോഷിന് വൈരാഗ്യം തോന്നിയിരുന്നു.
സംഭവത്തിന് ഒന്നര വർഷത്തിനുശേഷം ഇരുവരും സുഹൃത്തുക്കളാവുകയും പണമിടപാടുകൾ നടത്തിവരികയും ചെയ്തിരുന്നു. എങ്കിലും സജിത്തിനോടുള്ള വൈരാഗ്യം മനസ്സിൽസൂക്ഷിച്ച ഇയാൾ ഒന്നരവർഷം മുമ്പ് സയനൈഡ് സംഘടിപ്പിച്ച് സൂക്ഷിച്ചു വച്ചിരുന്നു. രണ്ടുമാസം മുമ്പ് സതീഷിെൻറ കടയിലുണ്ടായിരുന്ന അലമാര സന്തോഷ് വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ സതീഷിെൻറ ഡയറിയിൽ ‘ഐ വിൽ കിൽ സജിത്ത്’എന്ന് എഴുതിവെച്ചത് ശ്രദ്ധയിൽപ്പെട്ടു.
ഇതിനിടയിലാണ് സന്തോഷും ഭാര്യയും തമ്മിൽ പിണങ്ങി വേറെ താമസിക്കാൻ തുടങ്ങിയത്. പിണങ്ങിനിൽക്കുന്ന തെൻറ ഭാര്യയുമായി സജിത്ത് ഒരുമാസം മുമ്പ് കാറിൽ കറങ്ങുന്നത് കണ്ടതോടെ വൈരാഗ്യം ഇരട്ടിക്കുകയും സജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. സന്തോഷിനെക്കൊണ്ട് മുമ്പ് ആറുതവണ സജിത്ത് മദ്യം വാങ്ങിപ്പിച്ചിരുന്നു. അതു കൊണ്ടുതന്നെ സജിത്ത് മദ്യപിക്കുമെന്ന് വിശ്വസിച്ച സന്തോഷ് മദ്യത്തിൽ സയനൈഡ് ചേർത്ത് സജിത്തിന് നൽകുകയായിരുന്നു. ഈ മദ്യം മന്ത്രവാദത്തിനായി സജിത്ത് കൊണ്ടുകൊടുത്തപ്പോഴാണ് അവ കഴിച്ച് വാരാമ്പറ്റ കാവുംകുന്ന് തിഗന്നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ മരിച്ചത്. മൂവരും മരിക്കുകയും സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സന്തോഷിെൻറ കുടിലബുദ്ധിയാണ് മൂന്നുപേരുടെ ജീവൻ അപഹരിക്കാനിടയാക്കിയതെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.