അറസ്റ്റിലായ ഡെന്നി, റമീസ്, റിയാസ്

അരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കരിപ്പൂരില്‍ മൂന്നംഗ സംഘം പിടിയില്‍

കൊണ്ടോട്ടി: 45 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ കരിപ്പൂര്‍ പൊലീസ് പിടികൂടി. വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ പിണറായി സ്വദേശി മുല്ലപറമ്പത്ത് ചാലില്‍ വീട്ടില്‍ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക സ്വദേശി കോമത്ത് വീട്ടില്‍ റിയാസ് (25), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി (48) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍നിന്ന് ‘തായ് ഗോള്‍ഡ്’ എന്നറിയപ്പെടുന്ന 4.8 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ബുധനാഴ്ച രാവിലെ വിമാനത്താവള പരിസരത്തെ ലോഡ്ജില്‍നിന്ന് വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ കഞ്ചാവ് ഒളിപ്പിക്കുന്നതിനിടെ റമീസിനെയും റിയാസിനെയും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെന്നിയെ വയനാട്ടിലെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തയ്‌ലന്‍ഡിൽ നിന്ന് എത്തിക്കുന്ന വീര്യം കൂടിയ ലഹരി പദാര്‍ഥം കരിയര്‍മാര്‍ മുഖേന വിദേശങ്ങളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. മലപ്പുറമടക്കം വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ വലയിലാക്കിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സ്വര്‍ണം കടത്താന്‍ കാരിയര്‍മാരായാല്‍ നല്ല പ്രതിഫലം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം അവരറിയാതെ ബാഗുകളില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്തിവരുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്കോകില്‍നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ കൊച്ചിയില്‍ കസ്റ്റംസ് പിടിയിലായിരുന്നു. രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കൊണ്ടോട്ടി ഡിവൈ.എസ്.പി സിദ്ദീഖ്, കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളും കരിപ്പൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Three-member gang arrested in Karipur with ganja worth half a crore rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.