കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്ന് പേർക്ക് രാജ്യം വിടാൻ നോട്ടീസ്

കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്ന് പേർക്ക് രാജ്യം വിടാൻ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടുപേർക്കുമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിലെത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തുകയായിരുന്നു ഇവരുടെ കുടുംബം. പിതാവ് മരിച്ചശേഷമാണ് ഇവർ കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ൽ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിസ പുതുക്കി കിട്ടിയില്ല എന്നാണ് രണ്ടുപേരും പറയുന്നത്.

കേരളത്തിൽ ജനിച്ച ഹംസ 1965ൽ ജോലിക്കായി പാകിസ്താനിലേക്ക് പോയതാണ്. കറാച്ചിയിൽ കടനടത്തിയിരുന്ന സഹോദരനൊപ്പം കൂടി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ൽ നാട്ടിലേക്ക് പാസ്​പോർട്ട് ആവശ്യമായി വന്നപ്പോൾ ഹംസ പാക് പൗരത്വം സ്വീകരിച്ചു. എന്നാൽ 2007ൽ കച്ചവടം അവസാനിപ്പിച്ച് ഹംസ കേരളത്തിൽ എത്തി.

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരൻമാരുടെ വിസ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 27നകം നാടുവിടാനാണ് അന്തിമ നിർദേശം നൽകിയത്. എന്നാൽ മെഡിക്കൽ വിസയിലെത്തിയവർക്ക് രണ്ടു ദിവസം കൂടി സാവകാശം നൽകിയിട്ടുണ്ട്. പാക് പൗരൻമാരെ കണ്ടെത്തി നാടുകടത്താൻ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകുകയും ചെയ്തു.

Tags:    
News Summary - Three Pakistani citizens residing in Kozhikode have been issued notices to leave India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.