കണ്ണൂർ: ആരാലും ശ്രദ്ധിക്കപ്പെടാതെ സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ കൂടി. കണ്ണൂർ ജില്ലയിൽ മാത്രം മൂന്നു മാസത്തിനിടെ മൂന്നാമത്തെ കർഷക ആത്മഹത്യയാണിത്. വാഴക്കർഷകനായ നടുവിൽ പാത്തൻപാറയിലെ നൂലിട്ടാമലയിലെ ഇടപ്പാറയ്ക്കല് ജോസാണ് ഒടുവിൽ ജീവനൊടുക്കേണ്ടിവന്ന ഹതഭാഗ്യൻ. മുമ്പെല്ലാം കർഷക ആത്മഹത്യകൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഒരുദിവസത്തെ വാർത്തയിലും ഒന്നോ രണ്ടോ പ്രസ്താവനകളിലും ഒതുങ്ങുകയാണ് കർഷകന്റെ ജീവത്യാഗം. വന്യജീവികൾ കാരണമുള്ള വിളനാശവും ഉൽപന്നങ്ങളുടെ വിലയിടിവും കാരണം കർഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.
പരിചയക്കാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും സ്വാശ്രയസംഘത്തിൽ നിന്നുമായി ലക്ഷങ്ങളുടെ കടം ജോസിനുണ്ടായിരുന്നു. രണ്ടുലക്ഷം രൂപയാണ് സ്വാശ്രയ സംഘത്തിൽനിന്ന് വായ്പയെടുത്തത്. ഞായറാഴ്ച രാവിലെയും സ്വാശ്രയസംഘത്തിൽ ജോസ് ചെന്നിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനാണ് സ്വാശ്രയ സംഘത്തിലെത്തിയത്. അവിടെനിന്ന് ഇപ്പോൾ വരാമെന്ന് ഇറങ്ങിയതാണ് ജോസ്.
ഏറെനേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും ഇനി വിളിക്കേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഒരു സുഹൃത്തിന്റെ വീട്ടുപറമ്പിൽ മൃതദേഹം കണ്ടത്. ജോസിന് 10 സെന്റ് സ്ഥലമാണുള്ളത്. വിവിധയിടങ്ങളിൽ പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. വാഴക്കൃഷിയാണ് ജോസിന്റെ വരുമാന മാർഗം. കഴിഞ്ഞ വർഷങ്ങളിൽ വാഴക്കൃഷി നഷ്ടത്തിലാണ്.
നവംബർ 27നാണ് പേരാവൂരിനടുത്തുള്ള കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ക്ഷീരകർഷകനായ എം.ആർ. ആൽബർട്ടിനെ പുലർച്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
കേരള ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനുള്ള നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ആൽബർട്ടിന്റെ ജീവനൊടുക്കൽ. വായ്പ തിരിച്ചടക്കാനായി കുടുംബശ്രീയിൽ നിന്നടക്കം പണം ലഭ്യമാകുമോയെന്നു ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റുചില ബാങ്കുകളിലും ആൽബർട്ടിന് വായ്പയുണ്ടായിരുന്നു. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായി 25 വർഷത്തോളം പ്രവർത്തിച്ചയാളാണ് ആൽബർട്ട്.
അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന് നവംബർ 15നാണ് ജീവനൊടുക്കിയത്. 22ന് നവകേരള യാത്ര പേരാവൂർ മണ്ഡലത്തിലെത്തുമ്പോൾ മുഖ്യമന്ത്രിക്ക് നൽകാൻ ദീർഘമായ കുറിപ്പ് എഴുതിവെച്ചിരുന്നു അർബുദ രോഗി കൂടിയായ സുബ്രഹ്മണ്യൻ. കാട്ടാനശല്യം കാരണം 2.20 ഏക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്ന കർഷകനാണ് സുബ്രമണ്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.