തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും എം.ഡി.എം.എ ഉൾപ്പെടെ മാരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തിലെ മൂന്നു പേർ പിടിയിൽ. തളിപ്പറമ്പ് ബാവുപ്പറമ്പിൽനിന്ന് ബുധനാഴ്ച രാത്രി 10ഓടെ സി.ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റൂറൽ ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായാണ് ഇവരെ പിടികൂടിയത്.
വളപട്ടണം പാലോട്ടുവയലിലെ നാസില ഹൗസിൽ പി.എം. റിസ്വാൻ (34), അഴീക്കോട് മൈലാടത്തടം കെ.എൽ ഹൗസിലെ കെ.എൽ. റംഷാദ് (39), കണ്ണാടിപ്പറമ്പ് ഫെയഷാസിലെ വി.വി. അൻസാരി (32) എന്നിവരെയാണ് 0.680 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ച കെ.എൽ 59 സി 500 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു.
തളിപ്പറമ്പിലെ കോളജ് വിദ്യാർഥികൾക്കടക്കം മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്നും മയക്കുമരുന്ന് വിതരണം ചെയ്ത് മടങ്ങുമ്പോൾ പിടിയിലായതിനാലാണ് കുറഞ്ഞ അളവിൽ സാധനം കിട്ടിയതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ പി. റഫീഖ്, അഡീ. എസ്.ഐ ജെയ്മോൻ, എ.എസ്.ഐ ശശിധരൻ, സീനിയർ സി.പി.ഒ രതീശൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.