തൃക്കാക്കര ജയത്തോടെ നിയമസഭയിലെ സീറ്റുകളുടെ എണ്ണം 100 എന്ന മാന്ത്രികസംഖ്യയിലെത്തിക്കാമെന്നായിരുന്നു എൽ.ഡി.എഫിന്‍റെ ആഗ്രഹം. കാടടച്ചുള്ള പ്രചാരണത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിൽ പോലും അത്തരമൊരു വിജയം സംഭവിക്കുമെന്ന് മുന്നണി കണക്കുകൂട്ടുക തന്നെ ചെയ്തു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും നിഷ്പ്രഭമാക്കിയ ഉമ തോമസിന്‍റെ തേരോട്ടത്തിന് മുന്നിൽ എൽ.ഡി.എഫ് ചിത്രത്തിലേ ഇല്ലാതായി. വോട്ടെണ്ണലിൽ ഒരിക്കൽ പോലും ലീഡിലേക്കെത്താൻ സാധിക്കാതെയാണ് ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ പരാജയം.
യു.ഡി.എഫിന്‍റെ മണ്ഡലമാണെങ്കിൽ പോലും തൃക്കാക്കരയിൽ ജയിക്കുക അഭിമാനപ്രശ്നമായി കണ്ടാണ് ഇടത് മുന്നണി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. എല്ലാവിധ സംഘടനാ സംവിധാനങ്ങളും രാപ്പകൽ വിശ്രമമില്ലാതെ പ്രവർത്തിച്ച, ഭരണപക്ഷത്തിരിക്കുന്നതിന്‍റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പിൽ, പുതുമുഖ സ്ഥാനാർഥിക്ക് മുന്നിൽ തോൽക്കേണ്ടിവന്നത് എൽ.ഡി.എഫിനും പ്രധാനകക്ഷിയായ സി.പി.എമ്മിനും മുന്നിലുയർത്തുക നിരവധി ചോദ്യങ്ങളാകും.
യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ അവയിലൊന്നും വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫിന്‍റെ കാടടച്ചുള്ള പ്രചാരണത്തിന് സാധിച്ചില്ലായെന്നത് മുന്നണിക്ക് ക്ഷീണമാകും. കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ മധ്യവർഗ വോട്ടുകളെ വികസനത്തിന്‍റെ പേരു പറഞ്ഞ് തങ്ങളിലേക്ക് ആകർഷിക്കാനും ഇടതുപക്ഷത്തിന് സാധിക്കാതെപോയി.
കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ ഇപ്പോഴും ഇടതുപക്ഷത്തിന് കടന്നുകയറാന്‍ സാധിച്ചില്ലായെന്നുള്ളത് തെളിയിക്കുന്നതാണ് ഈ ഫലം. ഡോ. ജോ ജോസഫിനെ പോലെയൊരാളെ സ്ഥാനാര്‍ഥിയാക്കുക വഴി സി.പി.എം ലക്ഷ്യമിട്ടിരുന്നതും യു.ഡി.എഫിന്റെ ഈ വോട്ടുബാങ്ക് പൊളിക്കുക എന്നതായിരുന്നു. സഭാ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന് എതിരാളികള്‍ വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ആ വിമര്‍ശനം പോലും ഗുണകരമാണെന്ന തരത്തില്‍ മുന്നോട്ടുപോകുകയായിരുന്നു എല്‍.ഡി.എഫ്. എന്നാൽ, സഭ എൽ.ഡി.എഫിനെ കൈവിട്ടുവെന്ന് തെളിയിക്കുന്നതായി തൃക്കാക്കരയിലെ കനത്ത പരാജയം. കോൺഗ്രസ് വിട്ട കെ.വി. തോമസിനെ എൽ.ഡി.എഫ് ഒപ്പം കൂട്ടിയെങ്കിലും തോമസിനൊപ്പം വരാൻ അധികം ആളുകളില്ലെന്ന് വ്യക്തമാകുകയും ചെയ്തു.
തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ ഡോ. ജോ ജോസഫിന്റെ പേരില്‍ പ്രചരിച്ച വ്യാജ അശ്ലീലദൃശ്യത്തിന്റെ പേരില്‍ സഹതാപ വോട്ടുകള്‍ ലഭിക്കുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടിയിരുന്നു. ഉമ തോമസിന് സ്ത്രീ വോട്ടര്‍മാരിലുള്ള സ്വാധീനം കുറക്കാനും ഇതുവഴി സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. തൃക്കാക്കരയില്‍ കനത്ത അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം സ്ത്രീകള്‍ ജോ ജോസഫിന് അനുകൂലമാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഈ അടിസ്ഥാനത്തിലായിരുന്നു. വോട്ടെടുപ്പ് ദിവസം വരെ വിവാദം ജ്വലിപ്പിച്ച് നിര്‍ത്താന്‍ ഇടതിന് കഴിഞ്ഞു. അശ്ലീല വിഡിയോ നിര്‍മിച്ച കോട്ടക്കല്‍ സ്വദേശിയെ വോട്ടെടുപ്പ് ദിവസം രാവിലെ അറസ്റ്റ് ചെയ്തതും യാദൃശ്ചികമായി കാണാനാകില്ല. ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ആരോപിച്ചിരുന്നെങ്കിലും അത് വിചാരിച്ചത്ര ഏറ്റെടുക്കപ്പെട്ടില്ല.
മെട്രോ നഗരമായ കൊച്ചിയെ തൊട്ട് കിടക്കുന്ന മണ്ഡലത്തില്‍ വികസനം വലിയ ചര്‍ച്ചയാകുമെന്ന ധാരണയില്‍ കെ-റെയില്‍ പ്രചാരണായുധമാക്കിയതിലും ഇടതിന് പാളി. തെരഞ്ഞെടുപ്പിന് മുമ്പ് കെ-റെയില്‍ സര്‍വേക്കല്ലിടലിന്റെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്ന കോലാഹലങ്ങള്‍ ഏവരും കണ്ടതാണ്. പിന്നീട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍വേ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു. ഇടതുപക്ഷം മുന്നോട്ടുവെച്ച കെ-റെയിലിനെ അവര്‍ക്കെതിരെ തന്നെ യു.ഡി.എഫ് ആയുധമാക്കുകയായിരുന്നു. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് പറഞ്ഞ എല്‍.ഡി.എഫ് പക്ഷേ, തൃക്കാക്കരയില്‍ തോറ്റാല്‍ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന കെ.പി.സി.സി അധ്യക്ഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. കെ-റെയിലില്‍ സര്‍ക്കാറിന് തന്നെയുള്ള ആത്മവിശ്വാസക്കുറവ് യു.ഡി.എഫ് മുതലെടുക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ കോലാഹലങ്ങള്‍ എല്‍.ഡി.എഫിന് ശരിക്കും ക്ഷീണം ചെയ്തു. എതിരാളിക്ക് എറിയാന്‍ വടി കൊടുക്കുന്ന തരത്തിലായിരുന്നു കേസ് സംബന്ധിച്ചുള്ള എം.എം. മണിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഇ.പി ജയരാജന്റെയും പ്രസ്താവനകള്‍. കേസ് അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കാട്ടി അതിജീവിത കോടതിയില്‍ നല്‍കിയ പരാതിക്കെതിരെയായിരുന്നു സി.പി.എം നേതാക്കള്‍ രംഗത്തുവന്നത്. നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നും ആരോപണ വിധേയനായ നടന്‍ ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നയാളാണെന്നുമുള്ള തരത്തിലെ മണിയുടെ പ്രസ്താവന വിവാദമായി. നടിയുടെ ഹരജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യം ഉണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രസ്താവന. ഇ.പിയെ പിന്തുണച്ച് കോടിയേരി തന്നെ രംഗത്തുവന്നു. സംഗതി കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിക്ക് തന്നെ ഇടപെടേണ്ടി വന്നത്. അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സര്‍ക്കാറിനെ പിന്തുണച്ച് നടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തു. വിവാദം അതോടെ താല്‍ക്കാലികമായി കെട്ടടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുപക്ഷത്തിന് വലിയ ക്ഷീണമുണ്ടാക്കി.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കല്ലുകടിയും പ്രചാരണത്തില്‍ അങ്കലാപ്പുണ്ടാക്കി. അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ എന്ന യുവനേതാവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സി.പി.എം എം.എല്‍.എ വരെ അരുണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കി പോസ്റ്റിട്ടു. അരുണ്‍കുമാറിന്റെ ചുവരെഴുത്തുകള്‍ വരെ പലയിടത്തും വന്ന ശേഷമാണ് അതിനാടകീയമായി സ്ഥാനാര്‍ഥിയായി പുതിയൊരാളുടെ പേര് പ്രഖ്യാപിക്കപ്പെട്ടത്. അരുണ്‍കുമാറിന്റെ പേര് ആരും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു ചര്‍ച്ചയേ നടന്നിട്ടില്ലെന്നുമായിരുന്നു എല്‍.ഡി.എഫ് വിശദീകരിച്ചത്. ഡോ. ജോ ജോസഫിന്റെ പേര് മാത്രമാണ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തതെന്ന് പ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ച മന്ത്രി പി. രാജീവ് വിശദീകരിച്ചെങ്കിലും സി.പി.എം അണികള്‍ പോലും ആശയക്കുഴപ്പത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.