അടിത്തറയിളകുന്നത് തിരിച്ചറിയാതെ യു.ഡി.എഫ് പാളയത്തിൽനിന്ന് വോട്ട് അടർത്താൻ പരസ്യമായി നടത്തിയ സാമുദായിക ധ്രുവീകരണ കരുനീക്കങ്ങൾക്കടക്കം ലഭിച്ച തിരിച്ചടിയായി തൃക്കാക്കരയിലെ എൽ.ഡി.എഫിന്‍റെ ചരിത്ര പരാജയം. കെ-റെയിൽ, സഭ സ്ഥാനാർഥി വിവാദം, പി.ടി. തോമസ് വികാരം, സമുദായകേന്ദ്രീകരണം, സർക്കാർ വിരുദ്ധ തരംഗം -തൃക്കാക്കരയിൽ എൽ.ഡി.എഫിന്‍റെ പരാജയത്തിന് കാരണങ്ങൾ ഇങ്ങനെ പലതാണ്. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ലഭിച്ച വലിയ ജനപിന്തുണയും ചേർന്നപ്പോൾ തൃക്കാക്കരയിൽ പിറന്നത് ചരിത്രം. യു.ഡി.എഫിന്‍റെ ഈ വിജയം രണ്ടാം പിണറായി സർക്കാറിനുള്ള രാഷ്ട്രീയ കേരളത്തിന്‍റെ താക്കീതുമാണ്.

തിരിഞ്ഞുകുത്തിയ സമുദായ രാഷ്ട്രീയം

സഭക്ക് താൽപര്യമുള്ള സ്ഥാനാർഥിയെ ഇറക്കി പരമ്പരാഗതമായി യു.ഡി.എഫിന് കിട്ടുന്ന ക്രൈസ്തവ സമുദായ വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലിൽ ഒഴുകിപ്പോയത് ഇടതു മുന്നണിയുടെ സ്വന്തം കാൽക്കീഴിലെ വോട്ടുകളാണ്. ചുവരെഴുത്ത് തുടങ്ങിയ സി.പി.എം ജില്ല കമ്മിറ്റിയംഗത്തെ തഴഞ്ഞ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുപോലും അദ്ദേഹത്തിന്‍റെ സാമുദായിക ബന്ധം വെളിപ്പെടുത്തി മുതലെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണങ്ങളെ പ്രതിരോധിച്ചെങ്കിലും പ്രചാരണത്തിന്‍റെ ഗുണം എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷവും സഭ വോട്ടുകളിൽ നിർണായക ഭാഗം കിട്ടിയിട്ടുണ്ടെന്ന് വിലയിരുത്തലുമുണ്ടായി. എന്നാൽ, യു.ഡി.എഫിന് ലഭിച്ചുവന്ന ഒരുഭാഗം ക്രൈസ്തവ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചപ്പോൾ, സ്ഥിരമായി എൽ.ഡി.എഫിന് ലഭിച്ചുവന്ന ഇതര സമുദായത്തിന്‍റെ വോട്ടുകൾ യു.ഡി.എഫിലേക്കും തിരിച്ചൊഴുകിയെന്നാണ് ഫലം നൽകുന്ന സൂചന. സഭ നേതൃത്വത്തിന്‍റെ ചെയ്തികളെ എതിർക്കുന്ന എതിർ വിഭാഗത്തിന്‍റെ വോട്ടുകൾ കൃത്യമായി യു.ഡി.എഫിനുതന്നെ കിട്ടുകയും ചെയ്തു.തോൽവിക്കിടയിലും തുണച്ചിരുന്ന ഇടത് കോട്ടകളായിരുന്ന ബൂത്തുകൾ പോലും ഇത്തവണ തകർന്നടിഞ്ഞു. അതേസമയം, മുസ്ലിം സമുദായാംഗങ്ങൾ യു.ഡി.എഫിന് സ്ഥിരമായി നൽകുന്ന പിന്തുണയിൽ വർധനയുണ്ടായി.

കെ-റെയിലും രണ്ടാം പിണറായി സർക്കാറിന്‍റെ പരാജയവും

സംസ്ഥാനം മുഴുവൻ ക്രമേണ കത്തിപ്പിടിച്ച കെ-റെയിൽ വിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനം കൂടിയാണ് തൃക്കാക്കരയിലെ എൽ.ഡി.എഫിന്‍റെ കനത്ത പരാജയം. കെ-റെയിൽ കല്ലിടലിന്‍റെ പേരിൽ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ഇടപെടലുകൾ സംസ്ഥാനത്തെ ജന മനഃസാക്ഷിയെ സ്വാധീനിച്ചിരുന്നു. പുതിയ തലമുറയിൽപെടുന്നവർ പോലും തെരഞ്ഞെടുപ്പ് വേളയിൽ കെ-റെയിലിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയിരുന്നത്. ഇതിന്‍റെ പ്രതിഫലനം യു.ഡി.എഫ് അനുകൂല വോട്ടായി മാറിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിൽനിന്ന് തികച്ചും വ്യത്യസ്തവും ഗർവ് നിറഞ്ഞതുമായ ഭരണമാണ് ഇപ്പോഴത്തേതെന്ന പൊതുഅഭിപ്രായവും ജനവിധിയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

വികസന മുദ്രാവാക്യം നേട്ടമായത് യു.ഡി.എഫിന്

വികസനമാണ് മുദ്രാവാക്യം എന്ന് പറഞ്ഞ് രംഗത്തിറങ്ങിയ എൽ.ഡി.എഫിനേക്കാൾ ഇത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. തൃക്കാക്കരയിൽ മാത്രമല്ല, ജില്ലയിലും സംസ്ഥാനത്തും യു.ഡി.എഫ് കൊണ്ടുവന്ന വികസനങ്ങൾ അക്കമിട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഈ വികസനങ്ങളെ അന്ന് എതിർത്ത എൽ.ഡി.എഫിന്‍റെ ചരിത്രവും തുറന്നുകാട്ടി. മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടാൻ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ തുടരാനോ അനുമതി നേടാനോ പോലും കഴിയാതെവന്ന എൽ.ഡി.എഫ് സർക്കാറിന്‍റെ പരാജയം മണ്ഡലത്തിൽ ചർച്ചയായി.

ഉമക്ക് ലഭിച്ച സ്വീകാര്യത

യു.ഡി.എഫ് സ്ഥാനാർഥിയെന്ന നിലയിൽ ഉമ തോമസിന്‍റെ വരവ് മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ ഊർജമാണ് നൽകിയത്. പി.ടിയുടെ ജനകീയ മുഖം വോട്ടർമാർക്കിടയിൽ ഓർമപ്പെടുത്താൻ ഏറ്റവും ഉചിതയായ സ്ഥാനാർഥിയായിരുന്നു അവർ. അതിലൂടെ കോൺഗ്രസിലെ സ്ഥാനാർഥിമോഹികളുടെ വായടിപ്പിക്കാനും പ്രവർത്തനം നേരത്തേ തുടങ്ങാനും പ്രചാരണ പ്രവർത്തനങ്ങൾ ഒത്തൊരുമയോടെ ഏറ്റവും മികച്ച രീതിയിൽ നയിക്കാനും കഴിഞ്ഞു. ഉമ പ്രചാരണത്തിനെത്തുന്നയിടങ്ങളിൽ പതിവില്ലാത്ത വിധം കണ്ട സ്ത്രീസാന്നിധ്യം യു.ഡി.എഫിന് തുടക്കം മുതലേ ആത്മവിശ്വാസം നൽകുന്നതായിരുന്നു.

വോട്ട് കണക്കിൽ നഷ്ടമില്ലാതെ എൽ.ഡി.എഫ്

വലിയ ഭൂരിപക്ഷത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ലഭിച്ച വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ വർധിച്ചുവെന്ന കാര്യത്തിൽ എൽ.ഡി.എഫിന് ആശ്വസിക്കാം. 2244 വോട്ടിന്‍റെ വർധനയാണ് ഇത്തവണ ഉണ്ടായത്. 12,931 വോട്ടാണ് യു.ഡി.എഫിന് വർധിച്ചത്. എന്നാൽ, ബി.ജെ.പിക്ക് 2526 വോട്ട് കുറഞ്ഞു. ഇത്തവണ മത്സര രംഗത്തില്ലാത്ത ട്വന്‍റി20ക്ക് കഴിഞ്ഞ തവണ ലഭിച്ചത് 13,897 വോട്ടാണ്. 3633 പുതിയ വോട്ടർമാരാണ് ഉള്ളത്. ബി.ജെ.പിക്ക് നഷ്ടമായ വോട്ടിനെ ചൊല്ലി മൂന്ന് മുന്നണിയിലും ചർച്ച ഉറപ്പാണ്.

Tags:    
News Summary - Thrikkakara by election: Injury near the century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.