തൃശൂർ: തന്നെ ബുദ്ധിമുട്ടിക്കാത്ത കാലം വരെ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. നിലവിൽ മറ്റ് ചർച്ചകൾക്ക് സാധ്യതയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മേയർ സ്ഥാനം അഞ്ച് വർഷം വരെ ആകാമല്ലോ എന്നും വർഗീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പുല്ലഴി ഡിവിഷൻ യു.ഡി.എഫ് പിടിച്ചെടുത്തതോടെ തൃശൂർ കോർപറേഷനിലെ എൽ.ഡി.എഫിെൻറ ഭരണം ഇനി കോൺഗ്രസ് വിമതനായി ജയിച്ച മേയർ എം.കെ. വർഗീസിന്‍റെ മാത്രം കാരുണ്യത്തിലാവും. നെട്ടിശ്ശേരി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വർഗീസിനെ ഏറെ വില പേശലിന് ശേഷം രണ്ട് വർഷത്തേക്ക് മേയറാക്കാമെന്ന ഉറപ്പോടെയാണ് എൽ.ഡി.എഫ് കൂടെ കൂട്ടിയത്.
പുല്ലഴി ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി കെ. രാമനാഥൻ 993 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഡിവിഷൻ പിടിച്ചെടുത്തത്. എൽ.ഡി.എഫ് സ്വതന്ത്രൻ അഡ്വ. മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ട് ലഭിച്ചപ്പോൾ കെ. രാമനാഥൻ 2042 വോട്ട് നേടി. ബി.ജെ.പിയുടെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടാണ് കിട്ടിയത്. ആം ആദ്മി പാർട്ടിയുടെ ജോഗിഷ് എ. ജോണിന് 33 വോട്ടും സ്വതന്ത്രന്മാരായ ആൻറണി പുല്ലഴിക്ക് 59 വോട്ടും ജോഷി തൈക്കാടന് 11 വോട്ടുമാണ് കിട്ടിയത്.
കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ അവസാന കാലത്ത് കോൺഗ്രസ് വിട്ട് എൽ.ഡി.എഫിനൊപ്പം ചേർന്ന മുൻ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. എം.കെ. മുകുന്ദനെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുല്ലഴിയിൽ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മുകുന്ദൻ മരിച്ചതിനെ തുടർന്നാണ് ഡിവിഷനിൽ വോട്ടെടുപ്പ് മാറ്റിവെച്ചത്. മുൻ കോൺഗ്രസ് കൗൺസിലറായിരുന്നു, വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ലാത്ത അഡ്വ. മഠത്തിൽ രാമൻകുട്ടിയെ സ്ഥാനാർഥിയാക്കി ഡിവിഷൻ നിലനിർത്താനുള്ള എൽ.ഡി.എഫ് തന്ത്രമാണ് പാളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.