തേക്കിൻകാട് ആനക്കാടും ആൾക്കാടുമായി. സ്വരാജ് റൗണ്ടിൽ തലയുയർത്തിയ പന്തലുകളും പ്രദക്ഷിണവഴികളിൽ പൂവിതറുന്ന മരങ്ങളും ദീപങ്ങളാൽ വർണത്തിലായി. കാഴ്ചകളുടെ സമൃദ്ധിയിൽ നഗരം പൂരനിറച്ചാർത്തണിഞ്ഞു. എറണാകുളം ശിവകുമാറിെൻറ ശിരസ്സിലേറിയെത്തിയ നെയ്തലക്കാവ് ഭഗവതി തുറന്നിട്ട ഗോപുരവാതിലിലൂടെ ഇനി പൂരങ്ങളുടെ കയറ്റിറക്കം.... മേളപ്പെരുക്കങ്ങളും കുടമാറ്റവും വെടിക്കെട്ട് വിസ്മയങ്ങളും സമന്വയിക്കുന്ന പൂരം ചൊവ്വാഴ്ചയാണ്. പഞ്ചവാദ്യ-പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. രാവിലെ തിരുവമ്പാടിയിലേക്കുള്ള വരവ് കഴിഞ്ഞ് 11.30 ഓടെ പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നെള്ളും.
പന്ത്രണ്ടോടെ പാറമേക്കാവിലെ എഴുന്നള്ളിപ്പിനുള്ള തുടക്കമാകും 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയായി പുറത്തേക്കിറങ്ങും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിെൻറ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം.
കോർപറേഷന് മുന്നിലെ രാജാവിെൻറ പ്രതിമ വലംവെച്ച് തെക്കേ ഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് എണ്ണാനാവാത്ത വിധം സാക്ഷിയാകുന്ന ഇരുഭഗവതിമാരുടെയും കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. പുലർകാലം മുതൽ ഘടകപൂരങ്ങളുടെ വരവാണ്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയിൽ ആദ്യമെത്തുക.
കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനി ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനി ദേവി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി എന്നീ അഞ്ച് ദേശക്കാർ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ ശാസ്താവും ചെമ്പൂക്കാവ് കാർത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കിറങ്ങും. ചെറുപൂരങ്ങൾക്ക് മൂന്നുമുതൽ 14 വരെ ആനകളും മേളപ്രമാണിമാർ അണിനിരക്കുന്ന വാദ്യഘോഷവുമുണ്ടാവും.
പ്രദക്ഷിണ വഴികളിൽ ആർത്തലച്ചെത്തുന്ന പുരുഷാരത്തിരമാലയെ പുൽകാൻ പ്രതീക്ഷ നിർഭരമായ മനസ്സുമായി കാത്തിരിക്കുകയാണ് പച്ചവിരിച്ച തേക്കിൻകാട് മൈതാനി. സാധാരാണ പൂരത്തിെൻറ മൂന്ന് ദിനങ്ങളിലായി പത്തു ലക്ഷം പേരാണ് എത്താറ്. കോവിഡ് ഇടവേളക്കുശേഷം പൂരം എത്തുന്നതോടെ ഇക്കുറി 40 ശതമാനം വരെ ജനം കൂടിയേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അതിന് തെളിവാണ് പൂര വിളംബരത്തിനും സാമ്പിൾ വെടിക്കെട്ടിനും കണ്ട തിരക്ക്.
പൂരം കൂടാൻ ദിവസങ്ങൾക്ക് മുമ്പേ നഗരത്തിൽ കുടുംബസമേതം തമ്പടിച്ചവരുണ്ട്. ലോഡ്ജുകളും ഹോട്ടലുകളുമെല്ലാം മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തവയാണ്. വിദേശികളും ഇതര സംസ്ഥാനക്കാരുമൊക്കെ കൂടുതൽ എത്തുന്നതോടെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് കൂടിയാവും പൂരം.
തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് വീതം സെക്ടറുകളായി തിരിച്ച് അഞ്ച് വീതം ഡിവൈ.എസ്.പിമാർക്ക് കീഴിൽ നൂറ് വീതം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സുരക്ഷ ഒരുക്കി കഴിഞ്ഞു. ഔട്ടർ ഏരിയയെയും സെക്ടറുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷിത വലയത്തിലാക്കി കഴിഞ്ഞു. അനർഥങ്ങൾ ഇല്ലാതിരിക്കുന്നതിന് മോക്ഡ്രിൽ അടക്കം നടത്തി. വൃക്ഷശിഖരങ്ങൾ വെട്ടിയൊതുക്കി ദുരന്തങ്ങൾ ഇല്ലാതാക്കാനുമായി. അതെ, സുരക്ഷിത പൂരത്തിലേക്ക് പുരുഷാരം അലിഞ്ഞുചേരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.