കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി ഹൈകോടതിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ സത്യവാങ്മൂലം. പൂരവും അനുബന്ധ ചടങ്ങുകളും അലങ്കോലമാക്കിയത് പൊലീസാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നിട്ടും പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടി അനാവശ്യവും ഏകപക്ഷീയവുമായിരുന്നെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് ഇടപെടലിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് ഉൾപ്പെടെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നൽകിയ ഹരജികളിലാണ് വിശദീകരണം.
വെടിക്കെട്ടിനുവേണ്ട സാമഗ്രികൾ തയാറാക്കാൻപോലും തിരുവമ്പാടിയുടെ അംഗീകൃത തൊഴിലാളികളെയും ലൈസൻസുള്ള വെടിക്കെട്ടുകാരെയും പൊലീസ് അനുവദിച്ചില്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രധാന ചടങ്ങായ മഠത്തിൽ വരവ് പേരിന് മാത്രമാക്കി ചുരുക്കേണ്ടി വന്നു. പൂരം എഴുന്നള്ളിപ്പും പൊലീസ് തടസ്സപ്പെടുത്തിയെന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
പൂരം അലങ്കോലമാക്കാൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്നുകാട്ടി കൊച്ചിൻ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.