പെരിന്തൽമണ്ണ: സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ പ്രവർത്തിക്കുന്ന കാലമത്രയും തദ്ദേശ സ്ഥാപനങ്ങൾ വാടകയില്ലാതെ കെട്ടിടം അനുവദിക്കാൻ തീരുമാനം. മാവേലി സ്റ്റോറുകളുടെ പ്രവർത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി ഉത്തരവാദിത്തം നൽകാനും നടപടി. കെട്ടിട വാടക നൽകുന്നതോടൊപ്പം പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലുള്ള കുടുംബശ്രീ, ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനികൾ എന്നിവയുടെ ഉൽപന്നങ്ങൾ മാവേലി സ്റ്റോറുകൾ വഴി വിൽപന നടത്താം. ഈ സൗകര്യം ഡിപ്പോ മാനേജർമാരും സപ്ലൈകോയും ഒരുക്കണം. പ്രവർത്തനം മെച്ചപ്പെടുത്തൽ, സൗകര്യങ്ങൾ കൂട്ടൽ, പുതുതായി കെട്ടിടം തെരഞ്ഞെടുക്കൽ തുടങ്ങിയവക്ക് തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ടാവും. ഇത്തരം കാര്യങ്ങൾക്ക് സപ്ലൈകോ പ്രതിനിധികളും തദ്ദേശഭരണ പ്രതിനിധികളും സംയുക്ത സമിതിക്ക് രൂപം നൽകണം. താൽക്കാലിക ജീവനക്കാരെ പഞ്ചായത്തിലെയും നഗരസഭകളിലെയും കുടുംബശ്രീ, സി.ഡി.എസുകൾ വഴി തെരഞ്ഞെടുക്കണം. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ഈ ഗണത്തിൽപെടില്ല.
സംസ്ഥാനത്ത് 843 മാവേലി സ്റ്റോറുകളാണുള്ളത്. മാവേലി സ്റ്റോറുകൾക്ക് വാടക തുടർന്ന് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാതെ വന്നാൽ കേന്ദ്രം പിന്നീടവിടെ പ്രവർത്തിക്കണോ വേണ്ടയോ എന്ന് സപ്ലൈക്കോക്ക് തീരുമാനിക്കാം.
വാടക നൽകുന്നുണ്ടെങ്കിൽ അതാത് തദ്ദേശ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രം എന്ന് ബോർഡിലും രേഖപ്പെടുത്തണം. നേരത്തെ അഞ്ചു വർഷത്തേക്ക് തദ്ദേശ സ്ഥാപനം വാടകയില്ലാതെ കെട്ടിടം അനുവദിക്കാനും രണ്ടാമത് തുടങ്ങുന്ന കേന്ദ്രത്തിന് ആജീവനാന്ത കെട്ടിടവും കമ്പ്യൂട്ടറിനും ഫർണിഷിങ്ങിനുമായി ലക്ഷം രൂപയും അനുവദിക്കാനുമാണ് 2013ലെ ഉത്തരവ്. ഇത് പിന്നീട് രണ്ടാം സ്റ്റോറിനും അഞ്ചു വർഷത്തേക്ക് വാടകരഹിത കെട്ടിടമെന്നാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.