കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവായ യുവതിയുടെ സുഹൃത്തിനെതിരെ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. യുവതി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിയുകയായിരുന്നു. ഗർഭിണിയായത് ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്നാണെന്ന് പൊലീസ് നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലെ അപ്പാർട്ട്മെന്‍റിന് മുന്നിലുള്ള റോഡിൽ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെന്‍റിലെ ഫ്ലാറ്റുകളിലൊന്നിൽനിന്ന് എറിഞ്ഞതാണെന്ന് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തുടർന്ന് അഞ്ചാംനിലയിൽ താമസിക്കുന്ന യുവതി അറസ്റ്റിലായി. പുലർച്ച അഞ്ചിന് കുളിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാൻ വായിൽ തുണി തിരുകി. യുവതി ഗർഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകാർ അറിഞ്ഞിരുന്നില്ല. അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയായ യുവതി കൈയിൽ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു.
ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലക്ക് പൊട്ടലും ഉണ്ടായിരുന്നു. ഗർഭിണിയാണെന്നത് തിരിച്ചറിയാൻ വൈകിയെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ലെന്നുമായിരുന്നു യുവതിയുടെ മൊഴി. ആൺസുഹൃത്തിനെ കുറ്റപ്പെടുത്താതെയാണ് അന്ന് മൊഴി നല്‍കിയത്. തൃശൂർ സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. ഗർഭിണിയാണെന്ന കാര്യം അയാൾക്ക് അറിയാമായിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചുവത്രെ.
വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗർഭിണിയായതോടെ യുവാവ് പിന്മാറി എന്നും വിശദ മൊഴിയെടുപ്പിൽ യുവതി വ്യക്തമാക്കി. ഇതോടെയാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. നൃത്തത്തിലുള്ള താൽപര്യമാണ് ഇരുവരെയും അടുപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ബംഗളൂരുവിൽ വിദ്യാഭ്യാസം ഇടക്കുവെച്ച് നിർത്തി നാട്ടിൽ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. അതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത്. കടുത്ത അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.