തിരൂര്‍: ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച വൈകീട്ട് ആറിന് തിരൂർ ജില്ല ആശുപത്രിയിൽ സന്ദർശനം നടത്തും. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സന്ദർശനം. ആശുപത്രിയിൽ വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പല പദ്ധതികളും പാതിവഴിയിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. സന്ദർശനം നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് തിരൂരുകാരുടെ പ്രതീക്ഷ.
ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായിട്ടും സൗകര്യങ്ങളില്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പോലെയാണ് തിരൂര്‍ ജില്ല ആശുപത്രിയിലേത്. തീരദേശ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിന് രോഗികളാണ് ദിനേന ആശുപത്രിയെ ആശ്രയിക്കുന്നത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ പാറ്റേണും ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. നിലവിൽ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണാണുള്ളത്.
മികച്ച പല പദ്ധതികളും ഇപ്പോഴും പാതി വഴിയിലാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ലിഫ്റ്റ് ഉള്‍പ്പെടെ പ്രവര്‍ത്തന രഹിതമാണ്. ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഇല്ല. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുടെ എണ്ണവും കുറവ്. ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പുതിയ സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല.
നിലവിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അലിഗറാണ് ചുമതല വഹിക്കുന്നത്. കാന്റീനില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം കാന്റീന് പൂട്ടിയ സംഭവവും മാസങ്ങൾക്കുമുമ്പ് ഏറെ ചര്‍ച്ചയായിരുന്നു. നിലവിൽ പുറത്തുനിന്നുള്ള ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ജില്ല ആശുപത്രിയിലെ ചില ജീവനക്കാരുടെ രോഗികളോടുള്ള മോശം പെരുമാറ്റവും മതിയായ ചികിത്സ ലഭിക്കാത്തതും ആശുപത്രി ശുചിമുറിക്ക് സമീപം യുവതി പ്രസവിച്ചതും കുഞ്ഞിന് ഗുരുതര പരിക്കേറ്റതുമുൾെപ്പടെ വിവാദങ്ങളും ചര്‍ച്ചകളും അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ആശുപത്രിയിലെ ഒ.പി കൗണ്ടര്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ശക്തമാണ്. ശരാശരി ദിനേന രണ്ടായിരം ഒ.പി ടിക്കറ്റുകളാണ് അഥവാ ശരാശരി രണ്ടായിരം രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ആശുപത്രിയിലെത്തുന്നവരില്‍ ഭൂരിഭാഗവും തീരദേശ മേഖലയില്‍ നിന്നുള്ള സാധാരണക്കാരാണ്.
സൂപ്പര്‍ സ്പെഷാലിറ്റി ഗ്യാസ്ട്രോ എന്‍ട്രോളജി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. ജനറല്‍ ഒ.പി വര്‍ധിപ്പിക്കുന്നതോടൊപ്പം ഡോക്ടര്‍മാരുടെ സേവനം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം സ്പോര്‍ട്സ് മെഡിസിന് ചികിത്സയും ആരംഭിക്കേണ്ടതുണ്ട്.
മാലിന്യ-ജല സംസ്കരണ ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലവും ഫണ്ടും ലഭ്യമായിട്ടും സർക്കാർ അനുമതിക്കുള്ള കാത്തിരിപ്പിലാണ്. ജില്ല പഞ്ചായത്ത് രണ്ട് കോടി രൂപ ഫണ്ട് പാസാക്കിയിട്ടുണ്ട്. പ്രോജക്ടും സമർപ്പിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലത്തിനുള്ള കെട്ടിടം പൊളിക്കാനും ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനും സർക്കാർ അനുമതി വേണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ള ജില്ലയാണ് മലപ്പുറം. എണ്ണായിരത്തോളം കാൻസർ രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലക്കകത്തെയും സമീപജില്ലകളിലെയും കാന്‍സര്‍ രോഗികള്‍ക്ക് ആശ്രയമായി മാറേണ്ട ഒമ്പത് നിലയുള്ള ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനവും ആറ് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കിയെങ്കിലും ഉപകരണങ്ങൾ ലഭ്യമാക്കാൻ ഫണ്ടില്ലാത്തതിനാല്‍ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടാതെ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമനവും വേറെ. ലിനാക് ഉൾെപ്പടെ അത്യാധുനിക മെഷീനുകളും സ്ഥാപിക്കാനുണ്ട്. ഇതിനായി 50 കോടി രൂപയോളം ചെലവ് വരും. നബാര്‍ഡിന്റെ സഹായത്തോടെ 35 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഈ നിലയിലെത്തിയത്.
നിയമസഭയിലുള്‍പ്പെടെ തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന് പദ്ധതിക്കായി ഫണ്ട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായി. നിലവില്‍ ഒരു മാസം ശരാശരി 2500 മുതല്‍ 3000 രോഗികള്‍ വരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സക്കെത്തുന്നുണ്ട്. കൃത്യമായ ചികിത്സക്ക് ആർ.സി.സി, എം.വി.ആർ തുടങ്ങിയ ചികിത്സ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒന്നര വര്‍ഷമായിട്ടും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇതുവരെ നന്നാക്കാനായിട്ടില്ല. ഇത് പ്രായമായവര്‍ക്കും നടക്കാന്‍ കഴിയാത്ത രോഗികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ജീവനക്കാര്‍ക്കായുള്ള ഏക ലിഫ്റ്റിലാണ് ആറ് നിലയിലേക്കുമുള്ള രോഗികളെയും കൊണ്ടുപോവുന്നത്. ഇത് പലതരം പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ചികിത്സക്കെത്തുന്നവര്‍ക്ക് വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡരികിലോ സ്വകാര്യ സ്ഥാപനങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.