മുണ്ടക്കൈ (വയനാട്): രണ്ടുദേശങ്ങളെ ഇല്ലാതാക്കിയ, ഉറ്റവരെ എന്നത്തേക്കുമായി പിരിച്ച ഉരുൾദുരന്തം കഴിഞ്ഞുള്ള മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ഈദുൽ ഫിത്റാണ് ഇന്ന്. ആർക്കും പരിഹരിക്കാൻ കഴിയാത്ത വൻ നഷ്ടങ്ങളാണുണ്ടായതെങ്കിലും നാടുമുഴുവൻ കൂടെയുള്ള ദുരന്തബാധിതർ പതിയെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ പെരുന്നാളിന് ഒപ്പമുണ്ടായിരുന്ന 298 പേരെയാണ് ജൂലൈ 30ന് ആർത്തലച്ചുവന്ന ഉരുൾ എന്നത്തേക്കുമായി പിരിച്ചത്. പലവഴിക്ക് ചിതറിപ്പോയ അതിജീവിതർ ദുരന്തം കഴിഞ്ഞ് എട്ടുമാസം തികയുന്ന മാർച്ച് 30ന് പൂത്തക്കൊല്ലി മദ്റസയിൽ ഒത്തുകൂടി.
ചെറിയ പെരുന്നാളിന്റെ തലേന്ന് നടന്ന ആ ഒത്തുചേരൽ മരണപ്പെട്ടവരുടെ നോവോർമകളുടെ തിരിച്ചുവരവുകൂടിയായി. മൂന്നു മഹല്ലുകളിലെയും സ്ത്രീകളടക്കം 300ലധികം പേരാണ് പ്രാർഥനാസംഗമത്തിനായി എത്തിയത്. പെരുന്നാൾ കിറ്റ് വിതരണമടക്കം നടന്ന ദുആ മജ്ലിസിന് ഡോ.റാഷിദ് ഗസ്സാലി നേതൃത്വം നൽകി. മേപ്പാടി ജുമാമസ്ജിദിൽ ഷംസുദ്ദീൻ റഹ്മാനി പ്രാർഥന നടത്തി. ദുരന്തത്തിൽ മുണ്ടക്കൈ ജുമാമസ്ജിദ് പാടേ തകർന്നിരുന്നു.
പള്ളിയിൽ ഉറക്കത്തിലായിരുന്ന 36കാരനായ ഇമാം ശിഹാബ് ഫൈസിയുടെ മൃതദേഹം കിട്ടിയത് നിലമ്പൂരിൽ നിന്നായിരുന്നു. ബാങ്കിന്റെ മധുരശബ്ദമില്ലാതെ സ്വയം പ്രാർഥിക്കുന്നതുപോലെ തല യുയർത്തിത്തന്നെ നിൽക്കുകയാണ് ബാക്കിയായ പള്ളിമിനാരങ്ങളിപ്പോൾ. കഴിഞ്ഞ പെരുന്നാളുകൾക്ക് സന്തോഷത്തോടെ എല്ലാവരും ഒത്തുകൂടിയ പള്ളി ഇപ്പോൾ ദുരന്തശേഷിപ്പ് മാത്രമായി ശൂന്യമാണ്, ആളും ആരവവുമില്ലാതെ ചുറ്റുമുള്ള ആ ദേശവും.
ചൂരൽമല പള്ളിയിലും മേപ്പാടി ടൗൺ പള്ളിയിലുമായിരിക്കും അതിജീവിതർ പെരുന്നാൾ നമസ്കാരത്തിനായെത്തുക. അതുകഴിഞ്ഞ് ബെയ്ലി പാലവും കടന്ന് ഖബർസ്ഥാനിൽ ഉറങ്ങുന്നവർക്കരികിലേക്ക് അവർ ചെല്ലും, നിങ്ങളൊറ്റക്കല്ലെന്നും പ്രാർഥനയുമായി ഞങ്ങൾ കൂടെയുണ്ടെന്നും പറയാൻ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.