തൃശൂർ: മഹാമാരിക്കാലത്തെ 'കാണാപ്പൂര'ത്തിലേക്ക് വടക്കുന്നാഥെൻറ തെക്കേ ഗോപുരവാതിൽ തുറന്നു. കൊട്ടിയടച്ച നഗരത്തിൽ, കാഴ്ചക്കാരില്ലാതെ വെള്ളിയാഴ്ച പൂരം 'ആഘോഷിക്കും'.
ആനച്ചൂരും മേളപ്പെരുക്കങ്ങളും ഗന്ധകമണവും അലിഞ്ഞൊഴുകുന്ന ആൾത്തിരക്കും സാക്ഷിയാവാറുള്ള നഗരം അതൊന്നുമില്ലാത്തൊരു പൂരത്തിന് വേദിയാവുന്ന അപൂർവതയാണ് വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ച വരെയുമുള്ള 30 മണിക്കൂർ.
വ്യാഴാഴ്ച രാവിലെ 11.50ന് കൊച്ചിൻ ദേവസ്വം ബോർഡിെൻറ കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയെ തിടമ്പിലേറ്റി തെക്കേ ഗോപുരവാതിൽ തുറന്ന് പൂരം വിളംബരം ചെയ്തു.
ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഇത്തവണ എറണാകുളം ശിവകുമാറിനായിരുന്നു നിയോഗം. കാഴ്ചക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം വാദ്യക്കാരും ദേശക്കാരും മാധ്യമപ്രവർത്തകരുമടക്കം നൂറിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഒറ്റ കുഴിമിന്നിയിൽ ഒതുങ്ങിയ സാമ്പ്ൾ വെടിക്കെട്ട് കൗതുകമായി. പൂരം നാളിൽ മഠത്തിൽ വരവും ഒരാനപ്പുറത്ത് ഘടകപൂരങ്ങളുടെ വരവും ഇലഞ്ഞിത്തറ മേളവും െതക്കോട്ടിറക്കവും വെടിക്കെട്ടും പ്രതീകാത്മകമായി നടക്കും. വെള്ളിയാഴ്ച തെക്കേ ഗോപുര വാതിലിലൂടെ ഘടകപൂരങ്ങളിൽ ആദ്യമായി കണിമംഗലം ശാസ്താവ് വടക്കുന്നാഥനിൽ പ്രവേശിക്കും. പ്രസിദ്ധമായ മഠത്തിലേക്കുള്ള യാത്രയും മഠത്തില്‍നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവ് പൂരം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥനിലേക്ക് കടന്നാൽ ഇലഞ്ഞിത്തറ മേളമായി. പിന്നീടാണ് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. കോവിഡ് വ്യാപന സാഹചര്യത്തിൽ തൃശൂരിലേക്കും ജനങ്ങൾക്ക് പ്രവേശനമില്ല.
തൃശൂർ: തൃശൂർ പൂരത്തിെൻറ ഭാഗമായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ നിരാശ പരത്തി കോവിഡ്. അഞ്ചോ ആറോ മേളക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പകരം ആളെക്കൂട്ടാനുള്ള ഓട്ടത്തിലാണ് തിരുവമ്പാടി ദേവസ്വം. കോങ്ങാട് മധുവിെൻറ പ്രമാണത്തിലാണ് മേളം അരങ്ങേറുക. ആനയെ വെട്ടിച്ചുരുക്കിയ പോലെ മേളവും വെട്ടിച്ചുരുക്കാൻ സാധ്യതയേറെയാണ്. 11 തിമിലക്ക് പകരം ഒമ്പതും 11 ഇലത്താളത്തിന് പകരം ഒമ്പതും 11 കൊമ്പിന്പകരം ഒമ്പതും പേരെ അണിനിരത്താനാണ് തീരുമാനം. മൊത്തം 34 പേരാണ് മേളസംഘത്തിലുണ്ടാകുക. അതേസമയം, കോവിഡ് ഇലഞ്ഞിത്തറ മേളത്തെ ബാധിക്കില്ലെന്ന് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.