കോട്ടയം: ഒറ്റക്കും കൂട്ടായും നാട്ടിലും വിദേശത്തേക്കുമൊക്കെ വിനോദയാത്ര പോവുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണ്. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ സ്ത്രീസൗഹൃദ അന്തരീക്ഷങ്ങളില്ലെങ്കിലോ... സുരക്ഷിതമായി യാത്രചെയ്യാനോ കാഴ്ചകൾ കാണാനോ രാത്രി തങ്ങാനോ കഴിഞ്ഞില്ലെങ്കിലോ... ആ പ്രതിസന്ധിക്കും പരിഹാരമാവുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹൃദ ടൂറിസം വഴി. വനിത സഞ്ചാരികൾക്ക് സുരക്ഷിത വിനോദയാത്ര സമ്മാനിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയുമാണ് ലക്ഷ്യം. ഇതിനായി വിനോദസഞ്ചാര മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ചെയ്യുന്നത്. ഭക്ഷണം, താമസം, ഗതാഗതം, കമ്യൂണിറ്റി ഗൈഡുകൾ എന്നിവ ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ പൂർണമായി സ്ത്രീകൾ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. വനിത ടൂറിസ്റ്റുകളുടെ സുരക്ഷിത സ്ഥാനമായി ജില്ലയെ മാറ്റുകയാണ് ലക്ഷ്യം. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഹോംസ്റ്റേ ഓപറേറ്റർമാർ, സുവനീർ സൃഷ്ടി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം നൽകിവരുന്നു. സ്ത്രീസൗഹാർദ ടൂറിസം കേന്ദ്രങ്ങൾ രൂപവത്കരിക്കാനുമുള്ള വിവിധ അടിസ്ഥാന പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷൻ കുറെ നാളുകളായി നടത്തിവരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കായി യാത്രകൾ നടത്തുന്ന വിവിധ യൂനിറ്റുകൾ ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ സ്ത്രീകൾ നയിക്കുന്ന ഹോംസ്റ്റേകൾ, സ്ത്രീകളുടെ സുവനീർ യൂനിറ്റുകൾ എന്നിങ്ങനെ വിവിധ സ്ത്രീകേന്ദ്രീകൃത പ്രവർത്തനങ്ങളും നടത്തിവരുന്നു.
കുമരകം, അയ്മനം, വൈക്കം, മറവൻതുരുത്ത് എന്നിവയാണ് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രദേശങ്ങൾ. ഇവിടങ്ങളിൽ പ്രാദേശിക സ്ത്രീകളെ തന്നെയാണ് കമ്യൂണിറ്റി ടൂർ ലീഡർമാരായി നിയമിച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു. വള്ളം തുഴയുന്നതും സ്ത്രീകൾതന്നെ. സ്ത്രീകളുടെ ഹോംസ്റ്റേയും പദ്ധതിയുടെ ഭാഗമാണ്. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു സ്ത്രീകൾ ചേർന്ന് വീട് എടുത്ത് ഹോംസ്റ്റേ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ഹോംസ്റ്റേ ആരംഭിക്കും. വില്ലേജ് ടൂർ പദ്ധതിയിലും സ്ത്രീകൾക്കു തന്നെയാണ് കൂടുതൽ അവസരം. ഓല മെടയൽ, കയർപിരി, കക്കവാരൽ, വലയിട്ട് മീൻപിടിത്തം, പായ നെയ്ത്ത്, മൺപാത്ര നിർമാണം തുടങ്ങിയ ഗ്രാമ്യജോലികളും മനോഹരമായ കാഴ്ചകളും കാണാനും അറിയാനും അവസരമൊരുക്കുന്നതാണ് വില്ലേജ് ടൂറിസം. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയായ യു.എൻ. വിമണിന്റെ ഇന്ത്യയിലെ ഓഫിസുമായി ചേർന്നാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.