േകാട്ടയം: സർക്കാറിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല. കോവിഡ് രണ്ടാംതരംഗത്തിൽ മുങ്ങിയ ടൂറിസം മേഖലയുടെ ഉണർവിന് സർക്കാർ പുതിയ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഹൗസ്ബോട്ടുടമകളും റിസോർട്ട്-ഹോംസ്റ്റേ നടത്തിപ്പുകാരും ചെറുതും വലുതുമായ ഹോട്ടലുകാരും ഒാട്ടോ-ടാക്സി വാഹന ഉടമകളും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും പ്രതീക്ഷ കൈവിടുന്നില്ല.
ബോട്ടുകളും റിസോർട്ടുകളും ഹോംസ്റ്റേയും നിശ്ചലമായതിലൂടെ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കും നേരിടേണ്ടി വന്നത്. അന്തർസംസ്ഥാനക്കാരടക്കം ജീവനക്കാർ മടങ്ങിയിട്ട് മാസങ്ങളായി. ലോക്ഡൗൺ അവസാനിച്ചാൽ തൊഴിലാളികളെ കിട്ടാൻ പെടാപാട് വേണ്ടിവരുമെന്ന ആശങ്കയിൽ അവരെ പിടിച്ചുനിർത്തിയവർ ഇനി ശമ്പള കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും.
പലരും വലിയ സാമ്പത്തിക ബാധ്യതയിലാണ്. ഹോംമെയ്ഡ് ചോക്ലേറ്റുകൾ-കരകൗശല ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ-കളിപ്പാട്ടങ്ങൾ ഉൾപ്പെടെ വിറ്റുപോകാതെ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടത്തിലാണ് വ്യാപാരികൾ. വാടക ഇനത്തിൽ വ്യാപാരികൾക്ക് വൻ നഷ്ടവും നേരിടുന്നു. ഉടമകളിൽ ചിലർ വിട്ടുവീഴ്ചക്ക് തയാറായതിലുള്ള ആശ്വാസം പ്രകടിപ്പിക്കുന്ന കച്ചവടക്കാരും നിരവധി. കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ തകർന്നടിഞ്ഞ ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചതും അതിജീവനത്തിന് ബാങ്ക് വായ്പ അടക്കം കോടികളുടെ സഹായം നൽകിയതും രണ്ടാം തരംഗത്തിൽ പ്രയോജന രഹിതമായി.
ലക്ഷങ്ങൾ വായ്പയെടുത്തവർ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കുമരകത്തും ആലപ്പുഴയിലും അടക്കം നൂറുകണക്കിന് ഹൗസ്ബോട്ടുകൾ നിശ്ചലമായിട്ട് മാസങ്ങളായി. ആഭ്യന്തര-തേദ്ദശ വിനോദ സഞ്ചാരികൾക്കായി ട്രാവൽ ഏജൻസികൾ തയാറാക്കിയ പാക്കേജുകൾ പോലും പ്രതിസന്ധിയിലായിട്ട് മാസങ്ങളായി.
ആഭ്യന്തര വിമാന സർവിസുകൾ നിലച്ചത് പ്രതിസന്ധി രൂക്ഷമാക്കി. വിമാന സർവിസുകൾ സാധാരണനിലയിലാകാൻ കുറഞ്ഞത് ഒരുവർഷമെങ്കിലും എടുക്കുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ടൂറിസ്റ്റുകളെത്തിയാൽ മേഖല ഉണരുമെന്നും അവർ പറയുന്നു.
അതിനിടെ ആദ്യഘട്ട പുനരുദ്ധാരണത്തിന് നൽകിയ ധനസഹായം ബാങ്കുകൾ ഉടൻ തിരിച്ച് ചോദിക്കുമോയെന്ന ആശങ്ക പങ്കുവെക്കുന്നവരും നിരവധിയാണ്. ചെറുകിട ഹോംസ്റ്റേ നടത്തിപ്പുകാരും ഹോട്ടൽ-റിസോർട്ട് നടത്തിപ്പുകാരും പുതിയ സീസൺ ഓണത്തിനെങ്കിലും സജീവമാവുമെന്ന പ്രതീക്ഷയിലാണ്. ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്നവരിൽ നല്ലൊരുശതമാനവും സ്ഥാപനങ്ങൾ അടച്ച് മറ്റ് തൊഴിലുകൾ തേടിപ്പോയെന്നാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.