കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. സെപ്റ്റംബർ എട്ടിന് നടന്ന സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ബൈക്ക് യാത്രികനായ മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്. കാറിൽ ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുകയും സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടൻ ബൈജു സന്തോഷിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അമിത വേഗത്തിൽ കാറോടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279-ാം വകുപ്പ് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തത്.
വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു, കവടിയാർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോർഡ് കണ്ടയുടൻ കാർ വെട്ടിച്ചപ്പോൾ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാർ സമീപത്തെ സിഗ്നൽ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.
വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയാറായില്ല. പിന്നീട് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും മദ്യപിച്ചതായി ലക്ഷണമുണ്ടെന്നും ഡോക്ടർ നൽകി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിക്കേറ്റയാൾ പരാതി നൽകാത്തതിനാൽ ബൈജുവിനെ രാത്രി തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.